ജിദ്ദ: ഫ്രാന്‍സില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും അവഹേളിച്ചുകൊണ്ട് കാര്‍ട്ടുണുകള്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മുസ്ലിംങ്ങള്‍ക്കിടയില്‍ അമര്‍ഷം തുടിക്കുകയാണ്. ഇതിനകം പല രാജ്യങ്ങളിലുമുള്ള പ്രമുഖരായ മുസ്ലിംങ്ങള്‍ കാര്‍ട്ടൂണിനെതിരെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചിട്ടുള്ളത്.

പ്രകോപനപരമായും നിയമം കൈയിലെടുക്കുന്നതും ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രതിഷേധത്തെ മുസ്ലിം മത നേതാക്കളും രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല. അത്തരം പ്രതിഷേധങ്ങള്‍ തെറ്റാണെന്നും ഇസ്ലാമിക തത്വസംഹിതകള്‍ക്ക് വിരുദ്ധമാണെന്നും നേതാക്കളും പണ്ഡിതരും കൂടെകൂടെ ഉണര്‍ത്തുന്നുണ്ടെങ്കിലും പലരും പ്രതിഷേധങ്ങള്‍ അറിയിച്ചുകഴിഞ്ഞു.

നീസില്‍ കത്തികൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഒരു സ്വകാര്യ സുരക്ഷാ കമ്പനിയിലെ ജീവനക്കാരന്‍ കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. പ്രതിഷേധങ്ങള്‍ സമാധാനത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വ്യാപിക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.

മുസ്ലിംകള്‍ക്കെതിരെ ലോകത്ത് നടക്കുന്ന വിദ്വേഷ നടപടികളെ കുറ്റകൃത്യമായി കാണാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് ഈജിപ്ത് അല്‍ അസ്ഹര്‍ ഇമാം ശൈഖ് അഹ്മദ് തയ്യിബ് ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ പ്രവാചകന്റെ കാര്‍ട്ടുണുകള്‍ പ്രദര്‍ശിപ്പിച്ച സംഭവത്തിനു പിന്നാലെയാണ് അല്‍ അസ്ഹര്‍ ഇമാമിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പു പ്രചരണത്തിനാണ് മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നത്. ഇത് സ്വീകാര്യമല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വിദ്വേഷ നടപടികള്‍ക്കെതിരെ പ്രവാചകനെ മാതൃകയാക്കി സമാധാനപരവും നിയപരവുമായ മാര്‍ഗത്തിലൂടെ മാത്രമേ പ്രതികരിക്കാവൂയെന്ന് അദ്ദേഹം മുസ്ലിംകളെ ഉണര്‍ത്തി.

പ്രവാചകന്‍ മുഹമ്മദ് നബിയെ കളിയാക്കികൊണ്ടുള്ള കാര്‍ട്ടൂണുകള്‍ മുസ്ലിം വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഓര്‍ഗനൈസേഷന്‍  ഓഫ് ഇസ്ലാമിക്ക് കോ ഓപ്പറേഷന്‍(ഒ.ഐ.സി) ജനറല്‍ സെക്രട്ടറിയേറ്റ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മുസ്ലിംങ്ങളെ അപമാനിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്.

അതേസമയം തെക്കന്‍ ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ സൗദി അറേബ്യ അപലപിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇത്സംബന്ധമായ പ്രസ്താവന ഇറക്കിയത്. വിദ്വേഷം, അക്രമം, തീവ്രവാദം എന്നിവ വളര്‍ത്തുന്ന പ്രവൃത്തികള്‍ നിരുത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.

മുസ്ലിം വേള്‍ഡ് ലീഗും (എം ഡബ്ല്യു എല്‍) ആക്രമണത്തെ അപലപിക്കുകയും അതിനെ 'തീവ്രവാദ കുറ്റകൃത്യം'' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇത്തരം ആക്രമണങ്ങളില്‍ ഇസ്ലാം നിരപരാധിയാണെന്നും ഭീകരവാദ പ്രത്യയശാസ്ത്രത്തിന്റെ ഉല്‍പ്പന്നമായ വൃത്തികെട്ട കുറ്റകൃത്യങ്ങളായിട്ടാണ് ഇതിനെ കണക്കാക്കുന്നതെന്നും എം ഡബ്ല്യു എല്‍ കൂട്ടിച്ചേര്‍ത്തു