റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 23-ന് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ, മേഖലകളിലെല്ലാം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാനവ വിഭവ ശേഷി മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. 

സൗദി അറേബ്യയുടെ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 അനുസരിച്ച് സൗദി ദേശീയ ദിനത്തില്‍ എല്ലാ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ മേഖലകള്‍ യോജിപ്പിച്ച് സൗദി അറേബ്യ രൂപീകരിക്കപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കി സൗദിയിലെ സ്വദേശികളും വിദേശികളും എല്ലാ വര്‍ഷവും സെപ്തംബര്‍ 23 നു ദേശീയ ദിനം ആഘോഷിക്കാറുണ്ട്.

'ഇത് നമ്മുടെ വീട്'' എന്ന ഷീര്‍ഷകത്തിലാണ് 91 ാം ദേശീയ ദിനം ഈ വര്‍ഷം ആഘോഷിക്കുക. അബ്ദുള്ള രാജാവിന്റെ ഭരണകാലത്ത് 2005 മുതായിരുന്നു ആദ്യമായി ദേശീയ ദിനത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാര്‍ക്കും പൊതു അവധി നല്‍കിതുടങ്ങിയത്.