റിയാദ്: സൗദി അറേബ്യ എണ്ണ ഉത്പാദനം വർധിപ്പിക്കുന്നു. ഈമാസം പ്രതിദിനം ഏഴ് ലക്ഷം ബാരൽ അധിക ഉത്പാദനം നടത്തിയിരുന്നു. അടുത്തമാസം മുതൽ 10.10 ദശലക്ഷം ബാരൽ പ്രതിദിനം അധികം ഉത്പാദിപ്പിക്കാനാണ് സൗദി അറേബ്യയുടെ ശ്രമം. ഒപെക് രാജ്യങ്ങളിൽനിന്നുള്ള എണ്ണ ഉത്പാദനം കുറഞ്ഞ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ ഉത്പാദനം വർധിപ്പിക്കുന്നത്. ആഗോളവിപണിയിൽ എണ്ണവില വേഗം ഉയരാതിരിക്കാൻ എണ്ണലഭ്യത വർധിപ്പിക്കുന്നതിനാണ് ഉത്പാദനം കൂട്ടുന്നത്. നിലവിൽ ബാരലിന് ശരാശരി 75 ഡോളറാണ് (ഏകദേശം 5133 രൂപ) വില. അടുത്തവർഷം മധ്യത്തോടെ ഇത് 80 ഡോളറായി (ഏകദേശം 5475 രൂപ) ഉയരുമെന്നാണ് കരുതുന്നത്.

ഇറാനിൽ എണ്ണ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. ലിബിയയിൽനിന്നുള്ള കയറ്റുമതി തടസ്സപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ മാസം സൗദി അറേബ്യ ഉൾപ്പെടെയുളള ഒപെക് രാജ്യങ്ങളുടെ കയറ്റുമതി ഗണ്യമായി വർധിച്ചു.

അടുത്തമാസം മുതൽ പ്രതിദിനം 10 ലക്ഷം ബാരൽ അധികം ഉത്പാദിപ്പിക്കാൻ കഴിഞ്ഞദിവസം വിയന്നയിൽ ചേർന്ന ഒപെക്കിന്റെയും റഷ്യയുടെയും യോഗത്തിൽ ധാരണയായിരുന്നു. ഇറാനിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ അമേരിക്ക നടത്തുന്ന സമ്മർദം സൗദി അറേബ്യക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.