റിയാദ്: സൗദി അറേബ്യയ്ക്ക് പുറത്തുനിന്ന് കോവിഡ് -19 വാക്സിന്‍ കുത്തിവെപ്പെടുത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും തവക്കല്‍ന ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്താാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലുടെ അറിയിച്ചു.

'രാജ്യത്തിന് പുറത്ത് നിന്നും എടുത്ത കൊറോണ വൈറസ് വാക്സിന്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സംവിധാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യാം. നിങ്ങളുടെ വിവരങ്ങള്‍ ലിങ്ക് വഴി തവക്കല്‍ന ആപ്പില്‍ പ്രതിഫലിക്കും'' ആരോഗ്യ മന്ത്രാലയം പറഞ്ഞു. 

എന്നിരുന്നാലും, അപേക്ഷകര്‍ നല്‍കിയ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുകയും ദേശീയ അല്ലെങ്കില്‍ റസിഡന്റ് ഐഡന്റിറ്റി ഉണ്ടായിരിക്കുകയും വേണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന രേഖകള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ആയിരിക്കണമെന്നും രേഖകള്‍ ഒരു എംബിയില്‍ കൂടാന്‍ പാടില്ലെന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അപേക്ഷകര്‍ അവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിപ്പറയുന്ന ആവശ്യകതകള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കണം:

സ്വകാര്യ ഡാറ്റകള്‍ സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിക്കണം

സര്‍ട്ടിഫിക്കറ്റ് അറബി, ഇംഗ്ളീഷ്, ഫ്രഞ്ച്, അല്ലെങ്കില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കണം

സര്‍ട്ടിഫിക്കറ്റില്‍ വാക്സിന്‍ പേരും തീയതിയും അതിന്റെ ബാച്ച് നമ്പറും രേഖപ്പെടുത്തിയിരിണം.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമേ അപേക്ഷകര്‍ പാസ്പോര്‍ട്ട് കാപ്പിയും സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷ പെന്റിംഗില്‍ ഉള്ള സമയത്ത് മറ്റൊരു അപേക്ഷ അപ്ലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പും മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഒരു അപേക്ഷയുടെ നടപടികള്‍ പൂര്‍ത്തിയാകുവാന്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ വരെ എടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സൗദിയില്‍ അംഗീകരിച്ച കൊറോണ വാക്സിന്‍ ഫൈസര്‍ ബയോടെക്, മൊഡേണ, ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനിക്ക, ജേണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നിവയാണെന്നും മന്ത്രാലയം വ്യക്തമാക്കി. നാട്ടില്‍നിന്നുള്ള കൊവീഷീല്‍ഡ് വാക്സിന് സമാനമാണ് സൗദിയിലുള്ള ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനിക്ക വാക്സിന്‍.

ദേശീയ ഐഡന്റിറ്റിയോ റെസിഡന്‍സി പെര്‍മിറ്റോ ഇല്ലാത്തവരും രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകള്‍ക്ക് അവരുടെ വാക്സിനേഷന്‍ നില https://muqeem.sa/#/vaccine-registration/home എന്ന ഇലക്ട്രോണിക് സംവിധാത്തിലൂടെ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.