Najeb Samalറിയാദ്: പ്രമുഖ സൗദി മാധ്യമ പ്രവര്‍ത്തകന്‍ നജീബ് സാമില്‍ അന്തരിച്ചു. ഇന്ന് (ശനിയാഴ്ച) രാവിലെ മലേഷ്യയില്‍ വെച്ചാണ് അന്ത്യം. സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് മരണവിവരം അറിയിച്ചത്. സൗദി മുന്‍ ശൂറാ കൗണ്‍സില്‍ മെമ്പറായിരുന്നു. 

നജീബ് സാമിലിന്റെ മരണവാര്‍ത്തയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ അനുശോചനമറിയിച്ചു. 'രാജ്യത്തെ മീഡിയയും സാംസ്‌കാരിക മേഖലയും ഡോക്ടര്‍ നജീബ് സാമിലിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തയും എഴുത്തും മാനവികതയും സാമൂഹ്യ പ്രതിബദ്ധതയും വേറിട്ടതും സമ്പന്നവുമായിരുന്നു'സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വക്താവ് അനുശോചനകുറിപ്പില്‍ അറിയിച്ചു.

'എപ്പോള്‍ സംസാരിക്കണമെന്ന് അറിയാനുള്ള അറിവ് നിങ്ങള്‍ക്കുണ്ടായിരിക്കണം, എപ്പോള്‍ നിശബ്ധനായിരിക്കണമെന്ന് മനസിലാക്കാനുള്ള വിവേകവും ഉണ്ടായിരിക്കണം' മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. 

സൗദി അറാംകോ സ്‌കൂളില്‍ നിന്നായിരുന്നു നജീബ് സാമില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 2018ല്‍ ഷൂറ കൗണ്‍സില്‍ അംഗമായി നിയമിക്കപ്പെട്ടു. അല്‍ഹാസയിലെ ജനങ്ങളുടെ ഉന്നമനത്തിന് അദ്ദേഹം പദ്ധതി ആവിഷ്‌കരിച്ചു. അല്‍ഹസയിലെ യുവതീ യുവാക്കളുടെ പങ്കാളിത്തത്തോടുകൂടി ഒരു സന്നദ്ധ സംഘത്തിന് അദ്ദേഹം നേതൃത്വം നല്‍കുകയും ഒട്ടേറെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തു. 

Content Highlights: Saudi journalist Najeeb Samil passes away