റിയാദ്: സൗദി അറേബ്യയിലെ ജൂവലറികളില്‍ രണ്ടു മാസത്തിനകം സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ജൂവലറി സ്വദേശിവല്‍ക്കരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രിസഭ അംഗീകരിച്ചുരുന്നു. എന്നാല്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജൂവലറികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന് രണ്ട് മാസത്തെ സാവകാശമാണ് തൊഴില്‍ മന്ത്രാലയം അനുവദിച്ചിട്ടുളളത്. ജൂവലറി, പച്ചക്കറി കട എന്നിവിടങ്ങളിലെ സ്വദേശിവല്‍ക്കരണം മന്ത്രിസഭ വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചതാണ്.

എന്നാല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ തീരുമാനം കര്‍ശനമായി നടപ്പിലാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രമം. ഇതിനായി 2018 മാര്‍ച്ച് 18 വരെ ജൂവലറി ഉടമകള്‍ക്ക് സാവകാശം നല്‍കുമെന്നു തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു. 

സ്വദേശിവല്‍ക്കരണം സംബന്ധിച്ച് ബോധവല്‍ക്കരിണം നടത്തും. ഇതിനായി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ജ്വല്ലറികളില്‍ സന്ദര്‍ശനം തുടങ്ങി. ഇന്നലെ നജ്‌റാന്‍ പ്രവിശ്യയിലെ ഹബൂനയില്‍ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രണ്ട് മാസത്തിനകം സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാണെന്ന് ഉദ്യോഗസ്ഥര്‍ ജൂവലറി ഉടമകളെ അറിയിച്ചു. 

റെന്റ് എ കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രി ഡോ. അലി അല്‍ഗഫീസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രമം.