ജിദ്ദ: അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് ചികിത്സ നല്‍കാതിരുന്നതാല്‍ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അത്യാഹിത വിഭാഗത്തിലെത്തുന്ന എല്ലാ രോഗികള്‍ക്കും പരമാവധി വേഗത്തില്‍ ആവുന്ന ചികിത്സയും പരിചരണവും നല്‍കണമെന്നും രോഗിയില്‍ ക്രിമിനല്‍ പശ്ചാത്തലമോ, പകര്‍ച്ചവ്യാധി രോഗമോ കണ്ടെത്തുന്ന പക്ഷം സുരക്ഷാ വിഭാഗത്തേയോ ആരോഗ്യ മന്ത്രാലയത്തെയോ മറ്റു പ്രത്യേകവിഭാഗത്തെയോ അറിയിക്കണമെന്നും മന്ത്രാലയം ഹോസ്പിറ്റലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്നതിനുള്ള നിയമാവലിയില്‍ 'ഒരു രോഗിയോ മുറിവേറ്റ ആളോ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യമുള്ള ഒരു ആരോഗ്യ പരിശീലകന്‍ അദ്ദേഹത്തിന് സാധ്യമായ മെഡിക്കല്‍ സഹായം നല്‍കണം അല്ലെങ്കില്‍ ആ വ്യക്തിക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം' എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം സര്‍ക്കുലറിലൂടെ ആശുപത്രികളെ ബോധ്യപ്പെടുത്തി.

അത്യാഹിത വിഭാഗം എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നും, ഗുരുതരമായ അവസ്ഥയില്‍ ഏതെങ്കിലും രോഗികള്‍ എത്തിയാല്‍ കഴിയുന്നത്ര വേഗത്തില്‍ രോഗിയുടെ ജീവനോ, അവയവമോ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണെന്നും രോഗിയുടെ വിവരങ്ങള്‍ ശേഖരിക്കുക, രേഖകള്‍ ഉറപ്പുവരുത്തുക തുടങ്ങിയ നിയമപരമായ ഡോക്യുമെന്റ് ജോലികള്‍ അതിനുശേഷം ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു.