റിയാദ്: റിയാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള തദീഖില്‍ മരണമടഞ്ഞ ആലപ്പുഴ കായംകുളം സ്വദേശി സദാശിവന്‍ വിദ്യാധരന്റെ (62) മൃതദേഹം നാട്ടില്‍ സംസ്‌ക്കരിച്ചു. താമസസ്ഥലത്ത് ഉറക്കത്തിനിടെയാണ് സദാശിവന്‍ മരിച്ചത്. തദീഖില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
സദാശിവന്റെ സുഹൃത്തുക്കള്‍ മരണ വിവരം അദ്ദേഹത്തിന്റെ സ്പോണ്‍സറെ അറിയിക്കുകയും, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുഹൃത്തായ ജയേഷിന്റെ പേരില്‍ കുടുംബത്തിന്റെ സമ്മതപത്രം എത്തിക്കുകയും ചെയ്തു. ആലപ്പുഴയിലെ പ്രവാസി സംഘം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതനുസരിച്ച് കേളി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരോടൊപ്പം സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ സജിത്, സദാശിവന്റെ സുഹൃത്തും നാട്ടുകാരനുമായ രാജു, സദാശിവന്റെ സൗദി സ്‌പോണ്‍സര്‍ എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.
പിതാവും, ഭാര്യയും രണ്ടു പെണ്‍ മക്കളുമടങ്ങുന്നതാണ് സദാശിവന്റെ കുടുംബം.