റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ ട്രാഫിക് വകുപ്പില്‍ വനിതാ പൊലീസിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. വനിതാ ഡ്രൈവര്‍മാര്‍ക്കുളള സേവനങ്ങള്‍ക്ക് ട്രാഫിക് വകുപ്പില്‍ പ്രത്യേക വിഭാഗം തുടങ്ങുന്നതിനും ആലോചനയുണ്ട്.

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് വന്‍ സ്വീകാര്യതയാണ് സ്വദേശി വനിതകളില്‍ നിന്നു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ലൈസന്‍സിനായി കൂടുതല്‍ വനിതകള്‍ ട്രാഫിക് വകുപ്പിനെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വനിതാ ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശൂറാ കൗണ്‍സില്‍ മുന്‍ അംഗവും കിംഗ് സൗദ് യൂനിവേഴ്‌സിറ്റി പ്രാഫസറുമായ ഡോ. സഅദ് അല്‍ ബാസിഇ പറഞ്ഞു.

വനിതകളെ പരിശീലിപ്പിക്കുന്നതിന് വനിതകള്‍ നിയന്ത്രിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളും സ്ഥാപിക്കും.  വനിതാ ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. ഇതിനെല്ലാം സമയം ആവശ്യമായതിനാലാണ് അടുത്ത വര്‍ഷം ജൂണ്‍ 24ന് ശേഷം ലൈസന്‍സ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്നും ഡോ സഅദ് പറഞ്ഞു.

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ആരംഭിക്കുന്നതോടെ  സ്വദേശി വനിതകള്‍ ഇപ്പോള്‍ നേരിടുന്ന തൊഴിലിടങ്ങളിലേക്കുളള യാത്രാ പ്രശ്‌നം ഗണ്യമായി പരിഹരിക്കാന്‍ കഴിയും. ഇതിനു പുറമെ വിദേശികളെ ജോലിക്ക് നിയമിക്കുന്നതുവഴി ഉണ്ടാകുന്ന സാമ്പത്തിക ഭാരവും കുറയും. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വനിതകളുടെ സംഭാവന വര്‍ധിക്കുകയും ചെയ്യും. ഇതെല്ലാം സമ്പദ് ഘടനയില്‍ വന്‍ തോതില്‍ ഉണര്‍വ് ഉണ്ടാകാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.