റിയാദ്: സൗദിയിലെ ആദ്യ വനിതാ ദേശീയ ടീം രൂപീകരിക്കുന്നതിനായി വരും മാസങ്ങളില്‍ രാജ്യത്തെ ആദ്യത്തെ വനിതാ ഫുട്ബോള്‍ ലീഗ് ആരംഭിക്കുമെന്ന് സൗദി അറേബ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ യാസര്‍ അല്‍ മിഷാല്‍ അറിയിച്ചു.

'സൗദി ഫുട്ബോളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ആലോചനയെക്കുറിച്ച് റിയാദില്‍ല കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍-ഫൈസലിന്റെ സാന്നിധ്യത്തില്‍ അല്‍-മിഷാല്‍ വെളിപ്പെടുത്തി.

2025 ഓടെ എല്ലാ മേഖലകളിലെയും മത്സരങ്ങളുടെ എണ്ണം 50ലേക്കുയര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കുമെന്ന് അല്‍-മിഷാല്‍ പറഞ്ഞു. 'ആയിരത്തിലധികം സൗദി വനിതാ കളിക്കാരെ കണ്ടെത്തുവാനുള്ള ശ്രമമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മത്സരങ്ങളുടെ ഘടന പുതുക്കുന്നതിലൂടെയും കഴിവുകള്‍ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കും. അതോടൊപ്പം സൗദി ഫുട്ബോളിന് നല്ല ഭാവി കെട്ടിപ്പടുക്കുന്നതിനായി പുതിയ സൗദി ഫുട്ബോള്‍ സംവിധാനം വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുട്ബോളില്‍ മികച്ചുനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നതിനുള്ള ശരിയായ പാതയിലാണ് തങ്ങള്‍. 2034 ആകുമ്പോഴേക്കും ഒരു ദേശീയ ടീമിനെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും യാസര്‍ വ്യക്തമാക്കി.