റിയാദ്: അടുത്ത ഞായറാഴ്ച മുതല്‍ സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയൊ സാമൂഹിക അകലവം പാലിക്കുകയോ വേണ്ടതില്ല. കോവിഡ് പ്രൊട്ടോകോള്‍ നിബന്ധനകളില്‍ വലിയ മാറ്റം വരുത്തിയിരിക്കയാണ് സൗദി അറേബ്യ.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിച്ചിരിച്ചിരിക്കണം.

അതോടൊപ്പം മക്ക ഹറമിലും മദീന മസ്ജിദുന്നബവിയിലും മുഴുവന്‍ ശേഷിയിലും വിശ്വാസികളെ പ്രവേശിപ്പിക്കും. ഇരു ഹറമുകളിലുമുള്ള ജീവനക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

നേരത്തെ നിഷ്‌കര്‍ഷിച്ചപോലെ പൊതുസ്ഥലങ്ങളിലും ഭക്ഷണശാലകളിലും പൊതുഗതാഗത സംവിധാനങ്ങളിലും സിനിമ ഹാളുകളിലും സാമൂഹിക അകലം പാലിക്കേണ്ടതുമില്ല. സാമൂഹിക കൂടിച്ചേരലുകള്‍ നടക്കുന്ന ഇസ്തിറാഹകളിലും വിവാഹ പാര്‍ട്ടികളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഇനിമുതല്‍ പരിധി നിശ്ചയിക്കില്ല. നേരത്തെ ഇവിടങ്ങളില്‍ പങ്കെടുക്കുന്നതിന് ഒരു  നിശ്ചിത പേര്‍ മാത്രമായിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. 

രണ്ടുഡോസ് കൊവിഡ് പ്രതിരോധ വാക്സിനെടുത്ത എത്രപേര്‍ക്കും ഇസ്തിറാഹകളിലും വിവാഹ പാര്‍ട്ടികളിലും പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരിക്കും. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ തവക്കല്‍ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും പരിശോധന സമയങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.