റിയാദ്: ലോകത്തെ 20 വൻ സാമ്പത്തികശക്തികളുടെ കൂട്ടായ്മമായ ജി-20-യുടെ അധ്യക്ഷപദവിയിൽ സൗദി അറേബ്യ. ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ അവസരം ലഭിക്കുന്ന ആദ്യ അറബ് രാജ്യവും ഇതോടെ സൗദി അറേബ്യയാവും. അടുത്തവർഷം നവംബർ 21, 22 തീയതികളിലാണ് അടുത്ത ഉച്ചകോടി. ജപ്പാനിൽനിന്ന് ഞായറാഴ്ചയാണ് ജി-20 അധ്യക്ഷപദവി സൗദി ഏറ്റെടുത്തത്.
മനുഷ്യാവകാശപ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന്റെയും വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന്റെയും പേരിൽ ഏറെ പഴികേൾക്കുന്നതിനിടെയാണ് സൗദിക്ക് പുതിയ അവസരം തുറന്നുകിട്ടുന്നത്.
അന്താരാഷ്ട്രതലത്തിൽ പൊതുസമ്മതിയുണ്ടാക്കാൻ സൗദിക്ക് ലഭിച്ച വിശിഷ്ടാവസരമാണിതെന്നാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനോടുപ്രതികരിച്ചത്. ഉച്ചകോടിയോടനുബന്ധിച്ച് മന്ത്രിതല സമ്മേളനങ്ങളുൾപ്പെടെ നൂറോളംപരിപാടികൾക്ക് സൗദി വേദിയാവുമെന്നും സൗദി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.