റിയാദ്: സൗദിയില്‍ പുകവലി നിര്‍ത്തുന്നവരുടെ എണ്ണം മുന്‍കാലങ്ങളെ പേക്ഷിച്ച് 700 ശതമാനമായി ഉയര്‍ന്നുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം. പുകവലിയുടെ ദൂശ്യവശങ്ങളെ കുറിച്ച് നടത്തിയ കാമ്പയിന്റെ ഫലമാണ് പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത്. സൗദിയുടെ വിവിധ സ്ഥലങ്ങളില്‍ പുകവലി നിര്‍ത്തുന്നവര്‍ക്കായി ചികിത്സാ കേന്ദ്രങ്ങള്‍ പ്രവൃത്തിക്കുന്നുണ്ട്.

സൗദിയില്‍ പുകവലിക്കെതിരായ ആരോഗ്യ മന്ത്രാലയം നേത്രത്വം നല്‍കുന്ന പുകവലി വിരുദ്ധ പദ്ധതിക്ക് മികച്ച ഫലം കണ്ടുതുടങ്ങിയതായി മന്ത്രാലയം. കാമ്പയിന്റെ ഭാഗമായി ഇക്കഴിഞ്ഞ നവംമ്പര്‍ 15 മുതല്‍ സൗദിയില്‍ പുകവലി നിര്‍ത്തിയവരുടെ എണ്ണം 700 ശതമാനമായി ഉയര്‍ന്നുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

പുകവലി നിര്‍ത്തുന്നവര്‍ക്കായി സൗദിയില്‍ 1039 ചികിത്സാ കേന്ദ്രങ്ങളുണ്ട്. പുകവലി നിര്‍ത്തുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ സൗജന്യമായാണ് ചികിത്സകള്‍ നല്‍കുന്നതെന്ന് പുകവലി വിരുദ്ധ കാമ്പയിന്‍ ഡയറക്ടര്‍ ഡോക്ടര്‍ അലി അല്‍ വദാഈ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നും സ്ത്രീ പുരുഷ വ്യത്യാസമന്യേ വലിയൊരു വിഭാഗമാണ് ഇത്തരം കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നതെന്നും അലി അല്‍ വദാഈ കൂട്ടിച്ചേര്‍ത്തു.

സൗദിയുടെ വിവിധ പട്ടണങ്ങളില്‍ പുകവലി നിര്‍ത്തുവാനുള്ള ചികിത്സ തേടി എത്തുന്നവരുടെ കണക്കുകള്‍ വ്യത്യസ്ഥമാണ്. നജ്റാന്‍ സിറ്റിയില്‍ കഴിഞ്ഞ ആഴ്ചയില്‍ എത്തിയവരുടെ എണ്ണം അതിനു മുമ്പത്തെ ആഴ്ചയേക്കാള്‍ 709 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഹഫറുല്‍ ബാത്തിനില്‍ 267 ശതമാനം, ഹാഇലില്‍ 176 ശതമാനം, റിയാദില്‍ 110 ശതമാനം, ജിദ്ദയില്‍ 75 ശതമാനം എന്നിങ്ങനെയാണ് പുകവലി നിര്‍ത്തുവാനായി ചികിത്സ തേടി എത്തിയവരുടെ വര്‍ദ്ധനവെന്നും ഡോക്ടര്‍ അലി അല്‍ വദാഈ വ്യക്തമാക്കി.