റിയാദ്: ഭരണസിരാ കേന്ദ്രങ്ങളില്‍ വന്‍മാറ്റങ്ങള്‍ വരുത്തി സൗദി അറേബ്യ. ഇതിന്റെ ആദ്യപടിയായി പുതിയ വിദേശകാര്യ മന്ത്രിയെ അടക്കമുള്ള മന്ത്രിമാരെ നിയമിച്ചുകൊണ്ട് സല്‍മാന്‍ രാജാവ് വ്യാഴാഴ്ച ഉത്തരവിറക്കി. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങള്‍.
മുന്‍ ധനകാര്യമന്ത്രി ഇബ്രാഹിം അല്‍ അസാഫിനെയാണ് പുതിയ വിദേശകാര്യ മന്ത്രിയായി നിയമിച്ചിരിക്കുന്നത്. ഖഷോഗ്ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നപ്പോള്‍ സൗദിയുടെ മുഖമായി നിന്നിരുന്ന ആദില്‍ അല്‍ ജുബൈറിനെയാണ് ഈ സ്ഥാനത്ത് നീക്കം ചെയ്തത്. അദ്ദേഹത്തിന് വിദേശകാര്യ സഹമന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്.
വിദേശകാര്യമന്ത്രിക്കൊപ്പം പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ദേശീയ ഗാര്‍ഡ്, വിദ്യാഭ്യാസ മന്ത്രി, സ്‌പോര്‍ട്‌സ്, മാധ്യമ അതോറിറ്റി തലന്‍വന്‍മാര്‍ എന്നിവരേയും മാറ്റിയിട്ടുണ്ട്. കൂടാതെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ-സുരക്ഷാകാര്യ സമിതിയെ പുനഃസംഘടിപ്പിക്കാനും സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി ഭരണത്തിന്റെ ചുമതലയിലെത്തിയതോടെ ഒതുക്കി നിര്‍ത്തപ്പെട്ട പല പരിചയ സമ്പന്നരും പുനഃസംഘടനയിലൂടെ വീണ്ടും അധികാര സിരാകേന്ദ്രങ്ങളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജകുടുംബത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് തടയിടുന്നതിനും സൗദിയുടെ പ്രതിച്ഛായ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ഈ നീക്കം. അതേ സമയം നിലവില്‍ നിയമിതരായ പലരും മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ്.
നാല് വര്‍ഷമായി തുടരുന്ന സൗദി മന്ത്രിസഭയെ ആണ് പുനഃസംഘടിപ്പിക്കുന്നത്.
Content Highlights: Saudi Arabia, King Salman, ,Cabinet reshuffle