റിയാദ്: റിയാദിലെ യുവതികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മുആജബ് നിര്‍ദ്ദേശം നല്‍കി. യുവതികളോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.

സ്ത്രീകളെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ളിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗത്തിലെ നിരീക്ഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇസ്ലാമിക സംസ്‌ക്കാരത്തിന് വിരുദ്ധമായി തെരുവില്‍ നടക്കുകയായിരുന്ന രണ്ട് യുവതികളോട് കുറ്റകരമായ ഭാഷയില്‍ സംസാരിക്കുന്നതും രണ്ട് യുവതികളെയും ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനും അറ്റോര്‍ണി ജനറല്‍ ഉത്തരവിറക്കിയതായും കേസ് ബന്ധപ്പെട്ട കോടതിയിലേക്ക് റഫര്‍ ചെയ്യുന്നതായും വക്താവ് പറഞ്ഞു.

ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കും രാജ്യത്തെ നിയമത്തിനും വിരുദ്ധമായി വ്യക്തികളുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും പബ്ലിക് പ്രോസിക്യൂഷന്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അവ ലംഘിക്കാനോ അപകടപ്പെടുത്താനോ ഒരു തരത്തിലും അനുവദിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം പറഞ്ഞു.

പൗരന്മാരുടെയും പ്രവാസികളുടെയും പൊതു സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കുന്നവരെ പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, ഇത്തരം ക്രിമിനലുകളെ നീതിപീഠത്തിന് മുമ്പാകെ ഹാജരാക്കി തക്കതായ ശിക്ഷ ഉറപ്പാക്കും.

സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം, പ്രത്യേകിച്ച് ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിലെ മോണിറ്ററിംഗ് സെന്റെില്‍ നിരീക്ഷിക്കുകയും ഉറവിടം തിരിച്ചറിഞ്ഞ് ഉചിതമായ നിയമ നടപടികള്‍ പരിശോധിക്കുന്നതിനായി സാങ്കേതിക സംഘത്തിന് മുന്നില്‍ അവതരിപ്പിക്കാറുണ്ട്.

പബ്ലിക് പ്രോസിക്യൂഷന്‍ അണ്ടര്‍സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറന്‍േറാ സമന്‍സോ പുറപ്പെടുവിക്കുകയും തുടര്‍ന്ന് ഉത്തരവ് നടപ്പാക്കാന്‍ അറ്റോര്‍ണി ജനറലിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് ചെയ്യാറുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.