ജിദ്ദ: ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് യു.എസ്. കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സൗദി അറേബ്യ നിഷേധിച്ചു. സൗദി പൗരനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് സൗദി വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത്. നിഷേധാത്മകവും തെറ്റായതും അസ്വീകാര്യവുമായ വിലയിരുത്തല്‍ പൂര്‍ണ്ണമായും സൗദി അറേബ്യന്‍ സര്‍ക്കാര്‍ നിരസിക്കുന്നു. രാജ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും നിഗമനങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

രാജ്യത്തെ ബന്ധപ്പെട്ട അധികാരികള്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മന്ത്രാലയം ആവര്‍ത്തിക്കുന്നു. ഇത് വെറുപ്പുളവാക്കുന്ന കുറ്റമാണ്. രാജ്യത്തിന്റെ നിയമങ്ങളുടെയും മൂല്യങ്ങളുടെയും നഗ്നമായ ലംഘനവുമാണ്. ജോലി ചെയ്തിരുന്ന ഏജന്‍സികളിലെ ഒരു കൂട്ടം വ്യക്തികളാണ് ഈ കുറ്റം ചെയ്തത്. ശരിയായ രീതിയില്‍ അന്വേഷണം നടത്തുകയും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനായി നിയമവ്യവസ്ഥക്കുള്ളില്‍നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും മന്ത്രാലയം പറഞ്ഞു.

കുറ്റവാളികളെ സൗദി കോടതി ശിക്ഷിക്കുകയും ചെയ്തു. ശിക്ഷയെ ജമാല്‍ ഖഷോഗിയുടെ കുടുംബം സ്വാഗതം ചെയ്തതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ക്രൂരമായ കുറ്റകൃത്യത്തെ രാജ്യം അപലപിച്ചിരിക്കെ, ന്യായീകരിക്കാത്തതും കൃത്യമല്ലാത്തതുമായ നിഗമനങ്ങളോടെ ഈ റിപ്പോര്‍ട്ട് പുറപ്പെടുവിച്ചത് തീര്‍ച്ചയായും നിര്‍ഭാഗ്യകരമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത്തരമൊരു ദുരന്തം ഇനി ഒരിക്കലും സംഭവിക്കാതിരിക്കാന്‍ രാജ്യത്തിന്റെ നേതൃത്വം ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പരമാധികാരം, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം എന്നിവ ലംഘിക്കുന്ന ഏതൊരു നടപടിയും രാജ്യം നിരസിക്കുന്നു. 

സൗദിയും യുഎസും തമ്മിലുള്ള ബന്ധം ദൃഡമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്പര പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് പതിറ്റാണ്ടുകളായി തുടരുന്നതാണ്. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും കൂട്ടിയുറപ്പിക്കുന്നതിനുള്ള സഹകരണവും കൂടിയാലോചനകളും വഴി ഇരു രാജ്യങ്ങളും ശക്തമായി പ്രവൃത്തിച്ചിട്ടുണ്ട്. രാജ്യവും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിന് രൂപം നല്‍കിയ അടിത്തറ നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതേസമയം, സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് ബഹ്റൈന്‍ പിന്തുണ അറിയിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന ഏത് പ്രസ്ഥാവനയേയും ബഹ്റൈന്‍ നിരസിക്കുന്നതായി ബിഎന്‍എ കൂട്ടിച്ചേര്‍ത്തു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തില്‍ സൗദി അറേബ്യയുടെ മൗലിക പങ്കിന്റെ പ്രാധാന്യം ബഹ്റൈന്‍ ഊന്നിപ്പറഞ്ഞു.

Content Hihj;ights: Saudi Arabia rejects us congress report on Jamal Khashoggi's murder