റിയാദ്: സൗദി അറേബ്യ കയറ്റുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെ അളവ് പ്രതിദിനം 11 ലക്ഷം വീപ്പയായി ഉയർന്നു. എൺപത് വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയർന്ന അളവിൽ സൗദി അസംസ്കൃത എണ്ണ ആഗോള വിപണിയിലേക്ക് കയറ്റി അയക്കുന്നത്.

ഇറാനെതിരായ ഉപരോധംമൂലം വിപണിയിൽ ആവശ്യക്കാർ ഏറിയിട്ടുണ്ട്. മാത്രമല്ല, വില കുറയ്ക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം വർധിപ്പിച്ച് വിപണിയിൽ സൗദിയുടെ സാന്നിധ്യം ഉറപ്പിക്കുന്നത്. റഷ്യ ഉൾപ്പെടെ ഒപെക്കിന് പുറത്തുള്ള രാജ്യങ്ങൾ ഉത്പാദനം വർധിപ്പിച്ചതോടെ എണ്ണവില കുറഞ്ഞിരുന്നു. സൗദി കയറ്റുമതി വർധിപ്പിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണ വില വീണ്ടും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്തമാസം വിയന്നയിൽ നടക്കുന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തിൽ ഉത്പാദനം നിയന്ത്രിക്കുന്നത് സംബന്ധിച്ചും നിലവിലെ സാഹചര്യങ്ങളും ചർച്ചചെയ്യും. അതുവരെ അധിക ഉത്പാദനം തുടരുമെന്നാണ് സൂചന.

Content highlights: Saudi Arabia, Oil exports