റിയാദ്:  സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ ദേശീയ സമിതിയുടെ കീഴില്‍ നടക്കുന്ന വെളിച്ചം സൗദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി സൂം പ്ളാറ്റ് ഫോമില്‍ നടന്ന സംഗമം കെ ജെ യു സംസ്ഥാന പ്രസിഡന്റ് എ. അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു.  

വിശുദ്ധ ഖുര്‍ആന്‍ കേവലം അക്ഷര വായനയില്‍ മാത്രം ഒതുക്കിനിര്‍ത്താതെ ഖുര്‍ആനിക ദൃഷ്ടാന്തങ്ങളെ പഠനവിധേയമാക്കി അനിവാര്യമായ ഗവേഷണങ്ങളിലൂടെ ഖുര്‍ആന്‍ വിശദീകരിക്കുന്ന മഹാത്ഭുതങ്ങളും യാഥാര്‍ഥ്യങ്ങളും കണ്ടെത്താന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു.

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍ മുഖ്യ പ്രഭാണം നിര്‍വഹിച്ചു. ജി.സി.സി ഇസ്ലാഹി കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ ആശംസകള്‍ നേര്‍ന്നു. വെളിച്ചം മൂന്നാം ഘട്ടത്തെ കുറിച്ച് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഹാരിസ് കടലുണ്ടി പരിചയപ്പെടുത്തി. സൂറതുല്‍ മുഅ്മിനൂന്‍, സൂറതുന്നൂര്‍ എന്നീ അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ആസ്പദമാക്കിയാണ്  പഠന-മത്സര പദ്ധതി.  

അഫ്രിന്‍ അഷ്റഫ് അലിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്  ഫാറൂഖ് സ്വലാഹി എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ചളവറ സ്വാഗതവും ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.