റിയാദ്: സൗദി വനിതകളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വാണിജ്യ രേഖകളിലൂടെ ബിനാമി ഇടപാടുകള്‍ നടത്തുന്നതിനെതിരെ സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 2019 വര്‍ഷത്തില്‍ സ്ത്രീകളുടെ പേരില്‍ വ്യാപാരസ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്തത് 49 ശതമാനമാണ് വര്‍ധിച്ചതെന്നും ഇത് ദുരുപയോഗം ചെയ്താണ് ചിലര്‍ ബിനാമി ഇടപാടുകള്‍ നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒരാള്‍ തന്നെ, തന്റെ കുടുംബത്തില്‍പ്പെട്ട സ്ത്രീകളുടെ പേരില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ തരപ്പെടുത്തുന്നു. ആ ലൈസന്‍സുകള്‍ ദുരുപയോഗം ചെയ്ത് വിദേശികള്‍ക്ക് ബിനാമിയായി ബിസിനസ് നടത്തുവാന്‍ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുന്നു.

സര്‍ക്കാര്‍ ജീവനക്കാരായ ചിലര്‍ അവരുടെ ഭാര്യമാരുടെയോ, സഹോദരിമാരുടെയോ, അവര്‍ക്ക് വിശ്വാസമുള്ള മറ്റേതെങ്കിലും സ്ത്രീകളുടെ പേരിലോ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടത്തുകയും പിന്നീട് ഇത് കൈകാര്യം ചെയ്യുവാനുള്ള നിയമപരമായ ഓതറൈസേഷന്‍ അവരില്‍ നിന്നും എഴുതിവാങ്ങിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യാപാര റജിസ്ട്രേഷന്‍ ഇഷ്യു ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ നിയമത്തെ സ്ത്രീകളുടെ പേരില്‍ ദുരുപയോഗം ചെയ്യുകയാണിവിടെ ചെയ്യുന്നതെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവണ്‍മെന്റ് ടെന്‍ഡറുകള്‍ നേടുവാന്‍ അനുവാദമില്ലെന്നിരിക്കെ, ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീകളുടെ പേരിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉപയോഗിച്ചു ഈ  ടെന്‍ഡറുകള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.

രാജ്യത്ത് നടക്കുന്ന അധിക ബിനാമി ഇടപാടുകളും സ്ത്രീകളുടെ പേരിലുള്ള വ്യാപാര സ്ഥാപനങ്ങളിലാണെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ചെന്ന് വീഴാതിരിക്കുവാന്‍ വ്യാപാര നിയമാവലികള്‍, ചട്ടങ്ങള്‍, വ്യവസ്ഥകള്‍ എന്നിവ കൃത്യമായി മനസ്സിലാക്കണമെന്ന് വാണിജ്യ മന്ത്രാലയം സ്ഥാപന ഉടമകളായ സ്ത്രീകളോട് അഭ്യര്‍ത്ഥിച്ചു.