റിയാദ്: 44 ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ മേഖലാ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റുന്നു. മേഖലാ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റുന്ന കമ്പനികളില്‍ ഹാലിബര്‍ട്ടന്‍, സീമെന്‍സ്, യൂനിലിവര്‍, പെപ്സികോ, ഓയോയ് തുടങ്ങിയവ ഉള്‍പ്പെടുന്നു. 

മേഖലാ ആസ്ഥാനം റിയാദില്‍ തുറങ്ങുവാനുള്ള ലൈസന്‍സുകള്‍ കമ്പനികള്‍ സ്വീകരിച്ചു. നിക്ഷേപ മന്ത്രാലയം, റിയാദ് റോയല്‍ കമ്മീഷന്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് വന്‍കിട കമ്പനികളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദിയില്‍ തുടങ്ങുവാന്‍ നേതൃത്വം വഹിക്കുന്നത്.

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിന്റെ ഇന്ന് ചേര്‍ന്ന പ്രത്യേക ഡയലോഗ് സെഷനിലാണ് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, റിയാദ് റോയല്‍ കമ്മീഷന്‍ സി.ഇ.ഒ ഫഹദ് അല്‍റശീദ് എന്നിവരുടെ സാന്നിധ്യത്തില്‍ 44 ബഹുരാഷ്ട്ര കമ്പനികള്‍ക്ക് റിയാദില്‍ മേഖലാ ആസ്ഥാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സുകള്‍ കൈമാറിയത്.

സൗദിയില്‍ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താന്‍ രൂപകല്‍പന ചെയ്ത ഏതാനും പദ്ധതികളിലൂടെ കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ നല്‍കുന്ന ദേശീയ നിക്ഷേപ തന്ത്രം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുള്ളിലാണ് വന്‍കിട കമ്പനികള്‍ തങ്ങളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്.

Content Highlights: Saudi Arabia licenses 44 companies to open regional headquarters in Riyadh