റിയാദ്: വിദേശി തൊഴിലാളികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സമിതികള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ എന്നിവകള്‍ക്ക് സല്‍മാന്‍ രാജാവ് കര്‍ശനമായി നിര്‍ദ്ദേശം നല്‍കി.
ഓഫീസ് സെക്രട്ടറി, ഓഫീസ് മാനേജര്‍, മെസ്സഞ്ചര്‍, ഡോക്യുമെന്റ് കണ്‍ട്രോളര്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ജാഗ്രതകാണിക്കേണ്ട ജോലികള്‍ എന്നീ തസ്തികകളിലേക്ക് വിദേശികളുമായി കരാര്‍ തയ്യാറാക്കരുതെന്ന മുന്‍ രാജവിജ്ഞാപനം കര്‍ശനമായി പാലിക്കണമെന്നാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം.പകരം യോഗ്യരായ സ്വദേശികളെ നിയോഗിക്കുവാനും നിര്‍ദ്ദേശിക്കുന്നുണ്ട്.
അര്‍ഹരായ സ്വദേശികള്‍ ഇല്ലാത്ത അപൂര്‍വ്വം സ്പെഷ്യലൈസ്ഡ് തസ്തികകളില്‍ മാത്രമേ വിദേശികളുമായി എഗ്രിമെന്റ് എഴുതാവൂ. ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിരവധി വിദേശികള്‍ ഓഫീസ് തസ്തികകളിലും റൂട്ട് മാനേജ്മെന്റ് തസ്തികകളിലും ജോലിചെയ്യുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജാവിന്റെ ഈ നിര്‍ദ്ദേശം വന്നത്.
ഓപ്പറേഷന്‍, മെയിന്റനന്‍സ്, ക്‌ളീനിങ് തുടങ്ങിയ ലേബര്‍ തസ്തികകളില്‍ വിദേശികളെ നിയമിക്കണമെങ്കില്‍ ആ തസ്തികകള്‍ നേരത്തെ പരസ്യപ്പെടുത്തുകയും സ്വദേശികളാരും വരുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും രാജാവ് നിര്‍ദ്ദേശം നല്‍കി.