ന്യൂഡല്‍ഹി: ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്കായി ആകാശപാത ഉപയോഗിക്കാന്‍ എയര്‍ഇന്ത്യക്ക് സൗദ്യ അറേബ്യ അനുമതി നല്‍കി. ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേ സമയം ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെയോ എയര്‍ഇന്ത്യയുടേയോ സ്ഥിരീകരണം വന്നിട്ടില്ല.  മാര്‍ച്ച് മുതല്‍ ആഴ്ചയില്‍ മൂന്ന് ഡല്‍ഹി-ടെല്‍ അവീവ് സര്‍വീസുകള്‍ നടത്തുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യാ വാക്താവ് അറിയിച്ചിട്ടുണ്ട്.

നിലവില്‍ മിക്ക അറബ് രാജ്യങ്ങളും ഇസ്രായേലിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാത്തതിനാല്‍ അവരുടെ വ്യോമപാത അവിടേക്കുള്ള യാത്രക്കായി തുറന്നുനല്‍കിയിരുന്നില്ല. ഇപ്പോള്‍ സൗദി അതിന് അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദ്, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങള്‍ക്ക് മുകളിലൂടെ ടെല്‍ അവീവിലെത്തുന്നതിലൂടെ സമയലാഭമുണ്ട്‌.  നിലവിലെ പാതയെ അപേക്ഷിച്ച് അരമണിക്കൂറിന്റെ വ്യത്യാസം സൗദിക്ക് മുകളിലൂടെ പറക്കുമ്പോള്‍ ലഭിക്കും.

മുംബൈയില്‍ നിന്ന് ടെല്‍ അവീവിലേക്കെത്താന്‍ ചെങ്കടലിന് മുകളിലൂടെ നിലവില്‍ ഏഴുമണിക്കൂറാണ് വേണ്ടത്. എയര്‍ ഇന്ത്യക്ക് സര്‍വീസ് നടത്തുന്നതിനായി ഇസ്രായേല്‍ ടൂറിസം മന്ത്രാലയം 750,000 യൂറോയുടെ ഒറ്റത്തവണ ഗ്രാന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.