മക്ക: സുരക്ഷിതമായി ഹജജ് കര്‍മ്മം സംഘടിപ്പിച്ച സൗദി സര്‍ക്കാറിനെ വിവിധ നേതാക്കള്‍ പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്തു.

കോവിഡ് ഭീഷണിക്കിടയിലും വൈറസ് ബാധയോ മറ്റു പകര്‍ച്ചവ്യാധികളൊ  റിപ്പോര്‍ട്ട് ചെയ്യാതെയാണ് ഹജജ് കര്‍മ്മം പര്യവസാനിച്ചിരിക്കുന്നത്. വിജയകരമായി ഹജജ് സീസണ്‍ പൂര്‍ത്തിയായതില്‍ സൗദി ഭരണാധികാരികളെ അഭിനന്ദിച്ചവരില്‍ കുവൈത്ത്, ബഹ്റൈന്‍, അധികൃതര്‍ ഉള്‍പെടുന്നു. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍ സ്വബാഹ്, ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ രാജകുമാരന്‍, ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി അല്‍റുമൈഹി, അറബ് പാര്‍ലമെന്റ് സ്പീക്കര്‍ ആദില്‍ അസ്സൂമി, സൗദി സകാത്ത് - നികുതി - കസ്റ്റംസ് അതോറിറ്റി ഗവര്‍ണര്‍ സുഹൈല്‍ അബാനമ, സൗദിയിലെ വിവിധ പ്രവിശ്യാ ഗവര്‍ണര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറ്റു ലോക നേതാക്കള്‍ എന്നിവര്‍ സല്‍മാന്‍ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും അനുമോദം അറിയിച്ചു.

കൊറോണ വ്യാപനത്തിന്റെ ഫലമായ അസാധാരണ സാഹചര്യത്തിനിടെ സൗദിയിലെ മുഴുവന്‍ മന്ത്രാലയങ്ങളും വകുപ്പുകളും ആത്മാര്‍ഥതയോടെയും അര്‍പ്പണ ബോധത്തോടെയും നടത്തിയ ശ്രമങ്ങളാണ് ഹജ് സീസണ്‍ വിജയകരമാക്കി മാറ്റിയത്. മക്കയിലെ ഹറമില്‍ വരുത്തിയ വികസന പദ്ധതികള്‍ തീര്‍ഥാടകര്‍ക്ക് അനുകുലമായി മാറി. മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിച്ച് സൗദി ഗവണ്‍മെന്റ് നടത്തിയ വലിയ ശ്രമങ്ങളെ പ്രശംസനീയമാണ്. കൊറോണ വ്യാപനവുമായും പുതിയ വകഭേദങ്ങളുമായും ബന്ധപ്പെട്ട വെല്ലുവിളികളെ നേരിട്ടുകൊണ്ട് സുരക്ഷിതവും ആരോഗ്യകരവുമായ സാഹചര്യത്തില്‍ ഹജ് സംഘടിപ്പിക്കുന്നതില്‍ സൗദി അറേബ്യ വിജയിച്ചതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച മൂന്നാമത്തെ ദിവസം ജംറയില്‍ കല്ലേറ് കര്‍മ്മം നടത്തിയതോടെ ഭൂമിഭാഗം ഹാജിമാരും മിനയില്‍നിന്നും വിടവാങ്ങിയതോടെ വിശുദ്ധ ഹജജ് കര്‍മ്മത്തിനു പരിസമാപ്തി കുറിച്ചിരുന്നു. എങ്കിലും താല്‍പര്യവും സൗകര്യവുമുള്ളവര്‍ക്ക് നാലാം ദിവസവും മിനയിലെ ജംറയില്‍ കല്ലേറ് കര്‍മ്മം നടത്തുവാന്‍ മതം അനുമതി നല്‍കുന്നുണ്ട്. ഇത് കണക്കിലെടുത്തും, തിരക്കൊഴുവാക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തി കുറച്ചു തീര്‍ത്ഥാടകരെ ഇന്നലെ (വെള്ളിയാഴ്ച) കൂടി ജംറയില്‍ കല്ലേറ് കര്‍മ്മം നടത്തുവാന്‍ അധികൃതര്‍ അനുവദിച്ചിരുന്നു. അത്തരം മലയാളികളടക്കമുള്ള ഏതാനും തീര്‍ത്ഥാടകര്‍ ഇന്നലെ(വെള്ളിയാഴ്ച) കൂടി കല്ലേറ് കര്‍മ്മം നടത്തിയാണ് ഹജജ് കര്‍മ്മത്തില്‍ിന്നും വിരമിച്ച് മിനയില്‍നിന്നും വിടവാക്കിയത്. മിന ടവറിലെ താമസക്കാരായ ഉയര്‍ന്ന കാറ്റഗറിയില്‍പെട്ടവര്‍ക്കാണ് വെള്ളിയാഴ്ചകൂടി മിനായില്‍ തങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

ഹാജിമാര്‍ പൂര്‍ണ്ണമായും മിനയില്‍നിന്നും പിന്‍വാങ്ങിയതോടെ ചരിത്രം അയവിറക്കുന്ന മിന താഴ്വാരം വീണ്ടും വിജനമായി. ഇനി ഒരുവര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അടുത്ത ഹജജ് കര്‍മ്മത്തിനായിരിക്കും മിനയില്‍ ഹാജിമാരുടെ സാന്നിധ്യമുണ്ടാവുക.