റിയാദ്: സൗദി യുവതീ യുവാക്കളുടെ ജനസംഖ്യ, വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹികം, ആരോഗ്യം, സാംസ്‌കാരികം, വിനോദം എന്നീ കാര്യങ്ങളിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ചു ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് പുറത്തിറക്കി. റിപ്പോര്‍ട്ട് പ്രകാരം, സൗദിയിലെ മൊത്തം ജനസംഖ്യയിലെ 36.7 ശതമാനവും പ്രതിനിധീകരിക്കുന്നത് 15-34 വയസിനുള്ളിലുള്ളവരാണ്. അതില്‍ത്തന്നെ ബഹുഭൂരിപക്ഷം യുവാക്കളും 20-24 വയസിനിടയിലുള്ളവരും. ഇവര്‍ മൊത്തം ജനസംഖ്യയുടെ 27.6 ശതമാനം വരും.
അതേസമയം 20-24 പ്രായത്തിലുള്ള യുവതികള്‍ മൊത്തം ജനസംഖ്യയുടെ 26.2 ശതമാനവും. അത്രതന്നെ ശതമാനം 25-29 പ്രായത്തിലുള്ള യുവതികളും വരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 2020ലെ സൗദി ജനസംഖ്യയില്‍ കുട്ടികളുടെയും യുവാക്കളുടെയും എണ്ണം മൊത്തം ജനസംഖ്യയുടെ 67 ശതമാനമാണ്.
15-34 വയസ്സിനിടയിലുള്ള യുവതീ യുവാക്കളില്‍ 66.23 ശതമാനവും അവിവാഹിതരാണെന്ന് റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 25-34 വയസിനിടയിലുള്ള അവിവാഹിതരായ സ്ത്രീകളുടെ കണക്കുകള്‍ 43.1 ശതമാനവും വിവാഹിതരായ സ്ത്രീകള്‍ 34.3 ശതമാനവും വിവാഹമോചിതരായ സ്ത്രീകള്‍ 1.27 ശതമാനവും വിധവകളായവര്‍ 0.5 ശതമാനവുമാണ്.
മൊത്തം സൗദി ജനസംഖ്യയില്‍ 15-34 വയസ് പ്രായമുള്ള സൗദി യുവതീ യുവാക്കളില്‍ 5.5 ശതമാനം മാത്രമാണ് വിട്ടുമാറാത്ത രോഗികളുള്ളതെന്നും പുരുഷമാര്‍ മൊത്തം ജനസംഖ്യയുടെ 5.8 ശതമാനവും സ്ത്രീകള്‍ 5.2 ശതമാനമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മിക്ക സൗദി സ്ത്രീകളും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കായിക പരിശീലനം നടത്തുന്നുണ്ടെന്നും പുരുഷന്മാര്‍ ശാരീരിക, കായിക ക്ഷമതക്കും വിനോദത്തിനുമായി പരിശ്രമിക്കുന്നവരുമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2007-2017 വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 15-34 വയസിനിടയിലുള്ള സൗദി യുവാക്കള്‍ക്കിടയില്‍ നിരക്ഷരത നിരക്ക് ഗണ്യമായി കുറഞ്ഞതായാണ് കാണപ്പെടുന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെ നിരക്ഷരത നിരക്ക് വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. 2019 വര്‍ഷത്തിലെ കണക്കുപ്രകാരം 15 മുതല്‍ 34 വയസ്സ് വരെയുള്ള സൗദി യുവാക്കളില്‍ 1,489,520 പേരും തൊഴിലെടുക്കുന്നതായും ഇത് രാജ്യത്തെ തൊഴിലാളികളുടെ 47 ശതമാനം വരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് സൗദിയുടെ സ്ഥിതിവിവരക്കണക്കുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഏക ഔദ്യോഗിക സമിതിയാണ്.