റിയാദ്: രാജ്യത്ത് അംഗീകരിച്ച എല്ലാ വാക്സിനുകളും ഉയര്‍ന്ന സുരക്ഷയുള്ളതാണെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) വ്യക്തമാക്കി. 'ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്സിന്‍ ഡോസുകള്‍ ലഭിച്ചവരില്‍ ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ അപൂര്‍വമാണ്,'' സൗദി പ്രസ് ഏജന്‍സിക്കുനല്‍കിയ പ്രസ്താവനയില്‍ എസ്എഫ്ഡിഎ പറഞ്ഞു.

ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട പാര്‍ശ്വഫലങ്ങളെക്കുറിച്ച് 34 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി അതോറിറ്റി വ്യക്തമാക്കി. ഇവയുടെ എല്ലാ ശാസ്ത്ര-സാങ്കേതിക വശങ്ങളും പഠിക്കുകയും ബന്ധപ്പെട്ട ശാസ്ത്രീയ സമിതികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തു.അതനുസരിച്ച്, വാക്സിനുമായി ബന്ധപ്പെട്ട ഏഴ് ത്രോംബോസിസ് കേസുകള്‍ ഉണ്ടെന്ന് അതോറിറ്റി കണ്ടെത്തി.

വാക്സിന്‍ നല്‍കുന്നതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വാക്സിനായി അംഗീകരിച്ച മെഡിക്കല്‍ വിവരങ്ങള്‍ അനുസരിച്ച് അപകടസാധ്യതകളെ മറികടക്കുന്നുവെന്നും രാജ്യത്ത് അംഗീകരിച്ച എല്ലാ വാക്സിനുകളും ഉയര്‍ന്ന സുരക്ഷയുള്ളതാണെന്നും എസ്എഫ്ഡിഎ ആവര്‍ത്തിച്ചു.