ജിദ്ദ: കൊറോണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ സൗദിയില്‍ 23,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ രേഖപ്പെടുത്തിയത്. റിയാദില്‍ 8900 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. കിഴക്കന്‍ പ്രവിശ്യ 4,000ഉം ജിദ്ദ ഉള്‍കൊള്ളുന്ന മക്ക പ്രവിശ്യയില്‍ 2200ഉം അല്‍-ഖസീമില്‍ 1800, മദീന പ്രവിശ്യയില്‍ 1700 എന്നിങ്ങനെയാണ് കൂടുതലായി നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയ പ്രധാന പ്രവിശ്യകള്‍.

അതേസമയം അല്‍-ജൗഫ് മേഖലയില്‍ 1200 ഉം ഹായിലില്‍ 972ഉം, വടക്കന്‍ അതിര്‍ത്തി മേഖലയില്‍ 594ഉം അസീര്‍ മേഖല 411, അല്‍ ബാഹ മേഖല 393, ജിസാന്‍ മേഖല 391, തബൂക്ക് മേഖല 351, നജ്റാന്‍ മേഖല 89 എന്നിങ്ങനെയും നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ പൗരന്മാരും പ്രവാസികളും തുടര്‍ന്നും പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.