റിയാദ്: സൗദി അറേബ്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍. കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം രാജ്യം വിട്ട് പോകാന്‍ സൗദി അറേബ്യ ഉത്തരവിട്ടു. ഒപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈക്കടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചാണ് സൗദിയുടെ നടപടി. 

കാനഡയിലുള്ള തങ്ങളുടെ സ്ഥാനപതിയെ തിരിച്ച് വിളിച്ചിട്ടുണ്ടെന്നും സൗദി അറിയിച്ചിട്ടുണ്ട്. ജയിലിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ സൗദി സര്‍ക്കാര്‍ അടിയന്തരമായി വിട്ടയക്കണമെന്ന് കനേഡിയന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. കാനേഡിയന്‍ വിദേശകാര്യ മന്ത്രാലയവും ഇത് ആവര്‍ത്തിച്ചു. ഇതാണ് സൗദിയെ ചൊടിപ്പിച്ചത്.

സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വനിതാ മനുഷ്യവകാശ പ്രവര്‍ത്തകരായ സമര്‍ ബാദാവി, നസീമ അല്‍ സാദാ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.