റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണശ്രമം ഉണ്ടായതിന് പിറകേ പതിനൊന്ന് സൗദി രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. 

നിലവിലെ മന്ത്രിസഭയില്‍ വിവിധ പദവികള്‍ വഹിക്കുന്ന നാല് പേരും മുന്‍മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്‍മാര്‍ അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അല്‍-അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ചാനല്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം രാജകുമാരന്‍മാരിലെ സമ്പന്നനായ അല്‍ വാലിദ് ബിന്‍ തലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 

രാജകുമാരാന്‍മാരെ അറസ്റ്റ് ചെയ്തത് കൂടാതെ സൗദി നാഷണല്‍ ഗാര്‍ഡ് മേധാവി, നാവികസേനാ മേധാവി, ധനമന്ത്രി എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി.

മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ നടന്ന വിവിധ അഴിമതികളില്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന് തുടര്‍ച്ചയാണ് രാജകുമാരന്‍മാരുടെ അറസ്‌റ്റെന്നാണ് സൗദി പ്രസ്സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

രാജകുടുംബത്തിലെ ഉന്നതര്‍ക്ക് നേരെ നടപടിയുണ്ടായതിന് പിറകേ ജിദ്ദ വിമാനത്താവളത്തിലെ സ്വകാര്യവിമാനങ്ങള്‍ എല്ലാം സുരക്ഷസേന നിയന്ത്രണത്തിലാക്കിയതായാണ് സൂചന. നടപടി നേരിടുന്നവര്‍ രാജ്യം വിട്ടു പോകാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍. 

കഴിഞ്ഞ സെപ്തംബറിലും അധികാരകേന്ദ്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള 32-ഓളം പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരിക്കുന്നത്. 

പ്രമുഖ വ്യവസായി കൂടിയായ അല്‍-വാലീദ് ബിന്‍ തലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത ഗള്‍ഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. 

81 വയസ്സുള്ള സല്‍മാന്‍ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. 

രാജകുമാരന്റെ വരവിന് ശേഷം  വന്‍തോതിലുള്ള സാമ്പത്തിക-സാമൂഹിക പരിഷ്‌കരണ നടപടികള്‍ക്കാണ് സൗദ്ദി അറേബ്യ സാക്ഷ്യം വഹിച്ചത്. 

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമെന്ന പ്രഖ്യാപനവും ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരിവില്‍പനയും സല്‍മാന്‍ രാജകുമാരന്റെ വരവിന് ശേഷമാണ് സംഭവിച്ചത്. 

ലിബറല്‍ സാമ്പത്തികനയങ്ങളുടെ വക്തവായി അറിയപ്പെടുന്ന രാജകുമാരന്‍ എണ്ണ ഇതര വിഭവങ്ങളില്‍ നിന്നുമുള്ള രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. 

രാജ്യത്ത് നിക്ഷേപം നടത്തുവാന്‍ സ്വകാര്യ-വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്ത  രാജകുമാരന്‍ ചെങ്കടലിന്റെ തീരത്ത് നിയോം എന്ന വന്‍കിട നഗരം നിര്‍മ്മിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

സൗദിയില്‍ നിലവിലുള്ള കര്‍ക്കശ നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമല്ലാത്ത നിയോം നഗരം വിനോദസഞ്ചാരികളേയും നിക്ഷേപകരേയും മുന്നില്‍ കണ്ടാണ് സ്ഥാപിക്കുന്നത്.

700 ബില്ല്യണ്‍ ഡോളറാണ് നഗരത്തിന്റെ നിര്‍മ്മാണത്തിന് സൗദി ചിലവിടുക.