റിയാദ്: ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡില്‍നിന്നും സൈനിക, ഫീല്‍ഡ് പരിശീലനം ലഭിച്ച തീവ്രവാദ സെല്ലിനെ സൗദിയില്‍ സൗദി സുരക്ഷാസേന തകര്‍ത്തു. സുരക്ഷാ വിഭാഗം വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. എസ്പിഎ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ചകാലം നിരീക്ഷണത്തിനിനൊടുവിലാണ് തീവ്രവാദ സെല്ലിനെ സൗദി അറേബ്യക്ക് തകര്‍ക്കാനായത്.

സെല്ലിലെ 10 അംഗങ്ങളെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം വക്താവ് പറഞ്ഞു. ഇവരില്‍ മൂന്ന് പേര്‍ക്ക് ഇറാനില്‍ പരിശീലനം ലഭിച്ചവരാണ്. ഇറാനില്‍ രണ്ട് സ്ഥലങ്ങളില്‍വെച്ചാണ് അവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ചത്. സ്ഫോടക വസ്തുക്കളടക്കം ഫീല്‍ഡ് വ്യായാമങ്ങളും മറ്റും പിശീലനം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2017 ഒക്ടോബറിനും ഡിസംബറിനുമിടയിലാണ് ഇവര്‍ തീവ്രവാദ സെല്‍ രൂപീകരിച്ചതെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

കൃഷിയിടത്തില്‍നിന്നും അതിനോട് അനുബന്ധിച്ചുള്ള ഒരു വീട്ടില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ സൗദിയിലും വിദേശത്തുമായി നടത്തിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നേടുന്നതിനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. കേസ് ജുഡീഷ്യറിയിക്ക് കൈമാറിയിട്ടുമുണ്ട്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭംഗംവരുത്തുവാനും പൗരന്മാരുടെയും രാജ്യത്തെ വിദേശികളുടെയും സുരക്ഷയെ ഭീഷണിയിലാക്കുവാനും ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടയുവാന്‍ ക്രിമിനലുകളുടെ അറസ്റ്റിലുടെ സാധിച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു.

Content Highlights: Saudi Arabia arrests 10 with alleged ties to Iran''s Guard