ജിദ്ദ: വെള്ളിയാഴ്ച ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് ഒളിപ്പിച്ച നിലയില്‍ എത്തിയ മയക്കുമരുന്നുകള്‍ പിടികൂടി. രണ്ട് പാഴ്‌സലുകളിലായാണ് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമമുണ്ടായത്. രണ്ട് ശ്രമങ്ങളും സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. 8.3 ദശലക്ഷത്തിലധികം ആംഫെറ്റാമിന്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്തുവാനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്.

ആദ്യം 30,54,000 ഗുളികകള്‍ ഉള്ളി ശേഖരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതായി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പ്രസ്താവനയില്‍ വിശദീകരിച്ചു. അതേസമയം  52,81,250 ഗുളികകള്‍ സിലിക്കണ്‍ ബാരലുകളുടെ ഒരു ശേഖരത്തില്‍ ഒളിപ്പിച്ചുകടത്തുവാനുള്ള ശ്രമവും പരാജയപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പിടിയിലായ മൂന്ന് പേരേയും നിയമ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കും.
അതേസമയം, സമൂഹത്തെയും ദേശീയ സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി കള്ളക്കടത്തിനെതിരായ പോരാട്ടത്തില്‍ സംഭാവന നല്‍കാന്‍ പൊതുജനങ്ങളോട് സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ആഹ്വാനം ചെയ്തു. 1910 എന്ന നമ്പറില്‍ മയക്കുമരുന്നും കള്ളക്കടത്തും സംബന്ധമായ വിവരങ്ങള്‍ കൈമാറേണ്ടതാണ്.