റിയാദ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഷേവിംഗ് ടൂളുകള്‍ വീണ്ടും ഉപയോഗിച്ചാല്‍ പിഴ ഈടാക്കും. ബാര്‍ബര്‍ഷോപ്പുടമകള്‍ക്ക് 2000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി മുന്‍സിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി. 2022 ജനുവരി 15 ശനിയാഴ്ച മുതല്‍ തീരുമാനം നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 

പുരുഷന്മാരുടെയും കുട്ടികളുടെയും ബാര്‍ബര്‍ ഷോപ്പുകളില്‍ നിയമം ബാധകമാക്കും.നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും ബാര്‍ബര്‍ഷോപ്പുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, പുരുഷന്മാരുടെ ബാര്‍ബര്‍ഷോപ്പുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മുനിസിപ്പല്‍, ഗ്രാമീണ കാര്യ, ഭവന മന്ത്രാലയം നേരത്തെ ചില നിബന്ധനകള്‍ വ്യക്തമാക്കിയിരുന്നു. കര്‍ച്ചവ്യാധികളില്‍ നിന്ന് സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ തൊഴിലാളികള്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നേടേണ്ടതിന്റെ പ്രാധാന്യവും, ഡിസ്പോസിബിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നതടക്കമുള്ള നിബന്ധകളാണ് നേരത്തെ മുന്നോട്ട്വെച്ചിരുന്നത്.

അംഗീകൃതവും സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷനുകള്‍ക്ക് അനുസൃതമായ സ്റ്റെയിന്‍ലെസ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഷേവിംഗ് ടൂളുകള്‍, തുണി ടവലുകള്‍ക്ക് പകരം ഉയര്‍ന്ന നിലവാരമുള്ള പേപ്പര്‍ ടവലുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും അണുവിമുക്തമാക്കുന്നതിന് മെഡിക്കല്‍ സ്വാബ് ഉപയോഗിക്കുന്നതിനും ഇതിന് പുറമെയുള്ള നിബന്ധനകളാണ്.

ഗുണഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അണുബാധ പകരുന്നത് തടയുന്നതിനും സേവന നിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇത്തരം തീരുമാനങ്ങള്‍ കൈകൊണ്ടത്.മലയാളികളട0മുള്ള നിരവധി വിദേശികള്‍ സൗദിയില്‍ ബാര്‍ബര്‍ ഷോപ്പ് മേഖലയില്‍ ജോലിചെയ്യുന്നവരായുണ്ട്.