ജിദ്ദ: സൗദി അറേബ്യയില്‍ ഒട്ടകങ്ങളെ പരിപാലിക്കുന്നതിനായി 120 മുറികളുള്ള ഒരു ഹോട്ടല്‍ ആരംഭിച്ചു. റൂം സര്‍വീസ്, ഹൗസ് കീപ്പിങ്, ഒട്ടക പരിപാലനം, മൃഗത്തിന് കാവല്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സവിശേഷമായ ഹോട്ടലില്‍ 50-ലധികം ആളുകള്‍ക്ക് ഒട്ടകങ്ങളെ പരിപാലിക്കാനാകുമെന്ന് സൗദി ഒട്ടക ക്ലബ്ബിന്റെ വക്താവ് മുഹമ്മദ് അല്‍ ഹര്‍ബി പറഞ്ഞു.ഭക്ഷണം വിളമ്പല്‍, ചൂട് പാല്‍, ഒട്ടകങ്ങളുടെ രൂപ പരിപാലനം എന്നിവ ഉള്‍പ്പെടെ ഹോട്ടല്‍ പഞ്ചനക്ഷത്ര സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി മുഹമ്മദ് അല്‍ ഹര്‍ബി വീഡിയോകോണ്‍ഫറന്‍സിലുടെ അറിയിച്ചു.

'ഈ ഹോട്ടല്‍ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. എന്നാല്‍ വ്യത്യസ്തവും പുതിയതുമായ ശൈലിയിലാണ് ഇത്. ക്ലീനിംഗ് റൂമുകള്‍ മുതല്‍ ചൂടുള്ള എയര്‍ കണ്ടീഷനിംഗ് വരെ എല്ലാം ലഭ്യമാണ്'': അല്‍ ഹര്‍ബി കൂട്ടിച്ചേര്‍ത്തു. ഒരു രാത്രിയ്ക്ക് ഏകദേശം 400 റിയാലാണ് ഈടാക്കുക. ചെക്ക്ഔട്ട് 12.30-നാണ്.സൗദി അറേബ്യന്‍ പൈതൃകവുമായി അടുത്ത ബന്ധമുള്ള ജനപ്രിയ മൃഗമാണ് ഒട്ടകങ്ങള്‍. മരുഭൂമി നിവാസികളുടെ ജീവനാഡിയായ ഈ മൃഗത്തെ 'മരുഭൂമിയുടെ കപ്പല്‍' എന്ന് പണ്ടേ വിളിച്ചുവരുന്നു.കിംഗ് അബ്ദുല്‍ അസീസ് ഒട്ടകോത്സവത്തിന്റെ ആറാം പതിപ്പ് സൗദിയില്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഇത് ഒരു വാര്‍ഷിക ഇവന്റും ലോകത്തിലെ ഏറ്റവും വലിയ മത്സരവുമായാണ് കണക്കാക്കപ്പെടുന്നത്.