ജിദ്ദ: റഷ്യയുടെ സ്പുട്നിക് വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗദി അറേബ്യ അനുമതി നല്‍കിയതായി വാക്സിന്‍ ഡെവലപ്പര്‍മാര്‍ അറിയിച്ചു. സ്പുട്നിക് വിയുടെ വികസനത്തിന് ധനസഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം സ്പുട്നിക് വി വാക്സിനേഷന്‍ എടുത്തവര്‍ക്ക് മക്കയിലും മദീനയിലും തീര്‍ത്ഥാടനത്തിനും ഹജജ്, ഉംറ കര്‍മ്മത്തില്‍ പങ്കെടുക്കുവാനും സഹായകമാകും

സ്പുട്നിക് വാക്സിനേഷന്‍ എടുത്ത വിദേശ വിനോദസഞ്ചാരികള്‍ 48 മണിക്കൂര്‍ ക്വാറന്‍ൈറനില്‍ കഴിയുകയും പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. സ്പുട്നിക് വാക്സിനേഷന്‍ എടുത്ത സന്ദര്‍ശകരെ സ്വീകരിക്കുന്ന നൂറിലധികം രാജ്യങ്ങള്‍ക്കൊപ്പം സൗദി അറേബ്യയും ചേര്‍ന്നിരിക്കയാണെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പറഞ്ഞു. 

സാധാരണയായി ദശലക്ഷക്കണക്കിന് തീര്‍ഥാടകരാണ് മതം അനുശാസിക്കുന്ന ഹജ് കര്‍മ്മത്തിനായി ഒത്തുചേരുന്നത്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം രണ്ടാം വര്‍ഷവും ഹജജില്‍പങ്കെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സൗദി അധികാരികളെ നിര്‍ബന്ധിതരായിരുന്നു. ഈ വര്‍ഷം പൂര്‍ണ്ണമായും വാക്സിന്‍ എടുത്ത 60,000 പൗരന്മാര്‍ക്കും രാജ്യത്തുള്ള പ്രവാസികള്‍ക്കുമാണ് ഹജജ് കര്‍മ്മത്തിന് അനുമതി നല്‍കിയിരുന്നത്.