മക്ക: സൗദി അറേബ്യക്ക് പുറത്ത് നിന്ന് ഉംറ നിര്‍വഹിക്കുവാന്‍ വരുന്ന തീര്‍ഥാടകര്‍ക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഹജജ്, ഉംറ മന്ത്രാലയം റദ്ദാക്കി.നേരത്തെ, ഉംറ നിര്‍വഹിക്കാനുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനും പെര്‍മിറ്റ് നല്‍കുന്നതിനും മിനിമം 18 വയസും പരമാവധി 50 വയസുമാണ് പ്രായപരിധിയായി മന്ത്രാലയം നിശ്ചയിച്ചിരുന്നത്. കൂടാതെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മക്കയിലെ ഹറമിലും മദീനറിലെ അല്‍-റൗദ ഷെരീഫിലും പ്രവാചക പള്ളിയില്‍ പ്രര്‍ത്ഥനക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.

പുതിയ തീരുമാനമനുസരിച്ച്, പ്രായമായ വിദേശ തീര്‍ഥാടകര്‍ക്കും ഉംറ നിര്‍വ്വഹിക്കുവാന്‍ വരാവുന്നതാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ക്കും പ്രതിരോധ പ്രോട്ടോക്കോളുകള്‍ക്കും അനുസൃതമായായിരിക്കും പ്രായമായ വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുവാന്‍ അനുമതി നല്‍കുക.അതേസമയം 18 വയസ്സിന് താഴെ പ്രായമുള്ള വിദേശ തീര്‍ഥാടകരെ ഉംറ നന്‍വ്വഹിക്കുവാന്‍ അനുവദിക്കില്ല. സൗദിക്കകത്തുനിന്നുള്ള തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം, കൊറോണ വൈറസിനെതിരെ രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചവരാണെങ്കില്‍ 12 വയസും അതില്‍ കൂടുതലുമുള്ള എല്ലാവര്‍ക്കും ഉംറയ്ക്കും ഇരുഹറമിലും പ്രാര്‍ത്ഥനയ്ക്കും അനുമതി നല്‍കും.

അടുത്തിടെ ഹജജ് ഉംറ മന്ത്രാലയം, ഉംറയ്ക്ക് അനുമതി നല്‍കുന്നതിനും രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് മക്കയിലെ ഹറമിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും പ്രവേശനം നല്‍കുന്നതിന്  ഇഅ്തമര്‍ന, തവക്കല്‍ന ആപ്പുകള്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് അനുമതി നല്‍കിയിരുന്നു.സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ എടുത്തുകളഞ്ഞിട്ടുണ്ടെങ്കിലും, ഉംറയും പ്രാര്‍ത്ഥനയും നടത്താന്‍ റിസര്‍വേഷന്‍ നടത്തുകയും, തീര്‍ഥാടകര്‍ ഇപ്പോഴും മുഖംമൂടി ധരിക്കുകയും ഹറം കവാടങ്ങളില്‍ അവരുടെ പ്രതിരോധശേഷി പരിശോധനക്ക് വിധേയരാവുകയും വേണം.

മക്ക ഹറമിലും മദീന പ്രവാചകപള്ളിയിലും വിശ്വാസികള്‍ക്ക് ആരാധനക്കായുള്ള പ്രവേശനത്തിനുള്ള മുഴുവന്‍ ശേഷിയും അനുവദിക്കുവാന്‍ ഇരു ഹറം സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ രാജാവ് അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹറമിലും പള്ളിയിലും അതിന്റെ മുറ്റങ്ങളിലും വിശ്വാസികള്‍ മാസ്‌ക്ക് ധരിക്കണമെന്ന് നര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.ഡിസംബര്‍ 1 മുതല്‍ ഇന്തോനേഷ്യ, പാകിസ്താന്‍, ഇന്ത്യ, ഈജിപ്ത് എന്നിവയുള്‍പ്പെടെ ആറ് രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കുന്നതായി സൗദി സര്‍ക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. 

ഈ നാല് രാജ്യങ്ങളും കൊവിഡ് 19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ ഉംറ തീര്‍ത്ഥാടകരെ അയച്ചിരുന്ന രാജ്യങ്ങളാണ്.ഇരു ഹറമുകളുടേയും മുഴുവന്‍ ശേഷിയും ഉപയോഗിക്കാനുള്ള രാജാവിന്റെ ഉത്തരവും, കൂടുതല്‍ രാജ്യങ്ങള്‍ക്ക് സൗദിയിലേക്കുള്ള യാത്രാ വിലക്ക് നീക്കിയ പുതിയ ഉത്തരവും ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വിദേശ ഉംറ തീര്‍ഥാടകരുടെ ഒഴുക്കിന് വലിയ ഉത്തേജനം നല്‍കും.