ദമാം: മോഫിയ പര്‍വീണിന്റ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സി ഐ സുധീറിനെതിരെ കേസ് എടുക്കാന്‍ സംസ്ഥാന അഭ്യന്തര വകുപ്പ് തയാറാകണമെന്ന് ദമാം എറണാകുളം ജില്ലാ കെഎംസിസി ആവശ്യപ്പെട്ടു.നീതി തേടി പോലീസ് സ്റ്റേഷനുകളില്‍ വരുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കുന്നില്ല എന്ന് മാത്രമല്ല അവരെ മാനസികമായി തളര്‍ത്തുന്ന അവസ്ഥയാണ് ക്രിമിനല്‍ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാകുന്നു എന്നത് ഗൗരവതരമാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ പ്രതികള്‍ക്ക് വേണ്ടി ഒത്ത് തീര്‍പ്പ് നടത്തി സാമ്പത്തീക ലാഭം ഉണ്ടാക്കുന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ നേരിന്ന ഉദ്യോഗസ്ഥര്‍ക്ക് മര്‍മ്മ പ്രധാന സ്റ്റേഷനുകളില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലകള്‍ നല്‍കി അവര്‍ക്ക് കൂടുതല്‍ പരിഗണനകള്‍ ലഭിക്കുന്നു എന്നത് ഭീതിജനകമായ കാര്യമാണ്.പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും ജില്ലാ കെഎംസിസി ആവശ്യപ്പെട്ടു.

പ്രസിഡന്റ് സാദിഖ് കുട്ടമശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ ഡിസംബര്‍ 15 ന് അവസാനിക്കുന്ന സൗദി കെഎംസിസി സമൂഹ്യ സുരക്ഷാ പദ്ധതി കാമ്പയിന്‍ ജില്ലാ തല പ്രചാരണ ഉദ്ഘാടനം ചെയര്‍മാന്‍ സി.പി മുഹമ്മദാലി ഒടക്കാലി നിര്‍വഹിച്ചു.ജില്ലാ കെഎംസിസി ഉപദേശക സമിതിയംഗവും സൗദി കെഎംസിസി അല്‍കോബാര്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സിറാജ് ആലുവ മുഖ്യ പ്രഭാഷണം നടത്തി.

അബ്ദുല്‍ ഹമീദ് കുട്ടമശ്ശേരി,അലി വടാട്ടുപാറ,ഉവൈസ് അലി ഖാന്‍,സി എം ജുനൈസ്, ഉനൈസ് ഓടക്കാലി എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഷിബു കവലയില്‍ സ്വാഗതവും ട്രഷറര്‍ സനൂബ്  കൊച്ചി നന്ദിയും പറഞ്ഞു.