റിയാദ്: അവധിക്കായി നാട്ടില്‍പോയവരുടെ റീ എന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ റീഎന്‍ട്രി പുതുക്കാനാവില്ലെന്ന് അബ്ശിര്‍ പ്ളാറ്റ്ഫോം. കാലാവധി അവസാനിച്ചാല്‍ 60 ദിവസത്തിനു മുമ്പ്തന്നെ ഫീസ് അടച്ച് റീഎന്‍ട്രി പുതുക്കണം. ഇക്കാമയില്‍ ആവശ്യമായ കാലാവധിയും ഉണ്ടായിരിക്കണം.

സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ അബ്ശിര്‍ പ്ളാറ്റ്ഫോമാണ് അവധിക്കു നാട്ടില്‍പോയവരുടെ റീഎന്‍ട്രി വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കാനാവില്ലെന്ന കാര്യം അറിയിച്ചിരിക്കുന്നത്. സാധാരണ സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നതിനായി നിശ്ചിത കാലയളവിലേക്കുള്ള റീ എന്‍ട്രി വിസ കരസ്ഥമാക്കേണ്ടതുണ്ട്. 

റീ എന്‍ട്രി കാലാവധി കഴിയുന്നതിന് മുമ്പ് പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തണം. റീഎന്‍ട്രി വസാ കാലാവധിക്കുള്ളില്‍ തിരികെ എത്താത്തവരുടെ സ്പോണ്‍സര്‍മാര്‍ നല്‍കുന്ന കത്തുമായി അതാതു രാജ്യത്തുള്ള സൗദി കോണ്‍സുലേറ്റിനേയൊ എംബസിയേയോ സമീപിച്ചാല്‍ ഒരു മാസത്തേക്കു റീഎട്രി വിസ ദിര്‍ഘിപ്പിച്ചു നല്‍കാറുണ്ട്. എന്നാല്‍ കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ട റീ-എന്‍ട്രി വിസകള്‍ ഓണ്‍ലൈന്‍ വഴി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള അബ്ശിര്‍ പ്ളാറ്റ്ഫോം വെളിപ്പെടുത്തിയിരിക്കുന്നത്.

റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ആദ്യം ഫീസ് അടക്കണം. ഫീസ് അടച്ച ശേഷം അബ്ശിര്‍ പ്ളാറ്റ്ഫോം വഴി റീ-എന്‍ട്രി ദീര്‍ഘിപ്പിക്കണം. ഇക്കാമയുടെ ഉടമ വിദേശത്തായിരിക്കണം. ഇഖാമയില്‍ ആവശ്യമായ കാലാവധിയുമുണ്ടായിരിക്കണം. റീ-എന്‍ട്രി കാലാവധി അവസാനിച്ച് 60 ദിവസം കഴിയുകയുമരുത്.