ജിദ്ദ: വായന മനുഷ്യനില്‍ നന്മയുടെ പ്രകാശം പരത്തുന്നതും സ്‌നേഹവും സാഹോദര്യവും പ്രസരിപ്പിക്കാനുതകുതന്നാ കണമെന്നും 'അക്ഷരം' വായനാവേദി ജിദ്ദ സംഘടിപ്പിച്ച 'അക്ഷര സദസ്സ്'. ദൈവികമായ സത്യങ്ങളും ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളും ആര് മായ്ച്ചുക്കളയാന്‍ ശ്രമിച്ചാലും അവ കൂടുതല്‍ കൂടുതല്‍ തെളിച്ചപ്പെട്ടുവരികയായിരിക്കും ഫലം. തനിമ ജിദ്ദ സൗത്ത്‌സോണ്‍ പ്രസിഡന്റും അക്ഷരം രക്ഷാധികാരിയുമായ എഞ്ചിനീയര്‍ നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ ശിഹാബ് കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രിയതമ, ഫാത്വിമ മാളു ഹജ്ജുമ്മയുടെ ചരിത്രം പറഞ്ഞുകൊണ്ട് ജാബിര്‍ അബ്ദുല്‍ഖാദര്‍ (മാളു മലബാര്‍ സമരത്തിന്റെ പെണ്‍കരുത്ത്) പുസ്താകാസ്വാദനത്തിന് തുടക്കമിട്ടു. പുതിയ കാലത്ത് കുട്ടികളുടെ ശോഭനമായ വളര്‍ച്ചയ്ക്ക് മാതാപിതാക്കള്‍ പലകാര്യങ്ങളിലും ഏറെ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് 'കുട്ടികളുടെ മന:ശ്ശാസ്ത്രം' എന്ന പുസ്തകം അധികരിച്ച് അനീസ് ഇരുമ്പുഴി ഓര്‍മ്മപ്പെടുത്തി. ഒരു നൂറ്റാണ്ടിലധികമായിട്ടും സാഹിത്യലോകത്ത് ഇന്നും ഏറ്റവുമധികം വായിക്കപ്പെടുന്നത് തന്റെ ക്ലാസ്സിക്കല്‍ രചനകളിലൂടെ ആത്മീയ ചൈതന്യത്തിന്റെ നിലാവ് പരത്തുന്ന ഖലീല്‍ ജിബ്രാന്‍ ആണെന്ന് സലീം വടക്കുമ്പാട്  'പ്രാവാചകന്‍,  സ്‌നേഹപൂര്‍വ്വം എന്നീ കൃതികളിലൂടെ സദസ്സുമായി പങ്കുവെച്ചു. 

അക്ഷരങ്ങളിലൂടെയുള്ള സഞ്ചാരം സത്യത്തിന്റെ ദിവ്യപ്രകാശത്തിലേക്കുള്ള ഒരു തീര്‍ത്ഥയാത്രയാകണമെന്നും അവിടെ ന്യായാന്യായങ്ങള്‍ വിലയിരുത്തപ്പെടണമെന്നും 'മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകള്‍' എന്ന ഗ്രന്ഥത്തിന്റെ ആസ്വാദനം നിര്‍വ്വഹിച്ച് ശിഹാബ് കരുവാരകുണ്ട് പറഞ്ഞു. ചര്‍ച്ചയില്‍ എന്‍.കെ. അഷ്‌റഫ്, ശിഹാബുറഹ്‌മാന്‍, കെ.ടി. അബൂബക്കര്‍, ജാബിര്‍, നജ്മുദ്ദീന്‍ എന്നിവര്‍ ഇടപ്പെട്ടു സംസാരിച്ചു.

വെറുപ്പും വിദ്വേഷവും കത്തിച്ച് മനുഷ്യരെ തമ്മിലകറ്റി സ്വാര്‍ത്ഥലാഭങ്ങള്‍ കൊയ്യുന്ന പുതിയകാലത്ത് പ്രകൃതിയുടെ താളലയംപോലെ മനുഷ്യരൊന്നാണ് എന്ന മഹത്സന്ദേശം നല്‍കി
കെ.ടി. അബൂബക്കര്‍ സ്വന്തം കവിതയും (നാമൊന്ന്), ആധുനിക ഇന്ത്യയില്‍ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി വെറുപ്പിന്റെ ശക്തികളാല്‍ എത്രത്തോളം അവമതിക്കപ്പെടുന്നുവെന്നതിന്റെ നേര്‍ചിത്രം തീക്ഷ്ണമായ തന്റെ വരികളിലൂടെ (ഗാന്ധിജിയെ കണ്ടിടം) യുവകവി അരുവി മോങ്ങവും പ്രസംഗിച്ചു.

അടുത്തിടെ അസമില്‍ നടന്ന വംശീയകലാപവും മനുഷ്യത്വത്തെ മരവിപ്പിച്ചുകളഞ്ഞ ജേര്‍ണലിസ്റ്റ് ഫോട്ടോഗ്രാഫറുടെ മൃതശരീരത്തോടുള്ള മൃഗീയതയും വിഷയമാക്കി കവി ടി.കെ. അലി പൈങ്ങോട്ടായിയുടെ വരികള്‍ തസ്ലീമ അഷ്‌റഫും ചേറുമ്പിലെ കുടിയേറ്റ കര്‍ഷകരുടെ പുതിയകാല ദുരിതപര്‍വ്വം വരച്ചിട്ടുകൊണ്ട്  ശിഹാബ് കരുവാരകുണ്ട് കഥയും (മണ്ണിന്റെ മക്കള്‍) അവതരിപ്പിച്ചു. എന്‍.കെ. അഷ്‌റഫ്, ഫാത്വിമ നഷ, തസ്ലീം അനസ്, ഷഹര്‍ബാന്‍ ശിഹാബ് ഗാനമാലപിച്ചു.

കഥാകൃത്ത് അബു ഇരിങ്ങാട്ടിരിയുടെ പുതിയ കഥാസമാഹാരം (ഉറുമ്പുകളുടെ ജാഥയും ബഷീറിന്റെ പൂവന്‍പഴവും)  യുവകവി അരുവി മോങ്ങം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ കെ.ടി. അബൂബക്കറിന് കൈമാറി. കഴിഞ്ഞ ഏപ്രിലില്‍ നമ്മോട് വിടപറഞ്ഞ പാവപ്പെട്ടവരുടെ പടനായകനായ 'പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ അക്ഷര സ്മൃതി' എഞ്ചി. നജ്മുദ്ദീന്‍ അരുവി മോങ്ങത്തിന് സമര്‍പ്പിച്ചു.സംഗമത്തില്‍ തസ്ലീമ അഷ്‌റഫ് സ്വാഗതവും റസാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എ.പി. ശിഹാബ് ഖിറാഅത്ത് നടത്തി. സൈനുല്‍ ആബിദ്, റുക്‌സാന ടീച്ചര്‍ എ്ന്നിവര്‍ നേതൃത്വം നല്‍കി.