റിയാദ്: ബിനാമി ബിസിനസ് കണ്ടെത്തുന്നതിന് സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പരിശോധന തുടരുന്നു. പരിശോധനയില്‍ ബിനാമി ബിസിനസെന്ന് സംശയിക്കുന്ന 447 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ബിനാമി ബിസ്സിനസുകള്‍ നടത്തുന്നവര്‍ക്ക് പദവി ശരിയാക്കാന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2022 ഫെബ്രുവരി 16 വരെ ഉണ്ടെങ്കിലും, ബിനാമി ബിസ്സിനസു നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്. 

സ്വദേശികളുടെ മറവില്‍ വിദേശികള്‍ ബിസ്സിനസു നടത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധന സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. കിഴക്കന്‍ പ്രവിശ്യയില്‍ അധികൃതര്‍ 1,461 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി. ഇതില്‍ ബിനാമി ബിസ്സിനസെന്ന് സംശയിക്കുന്ന 447 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം, സകാത്ത്, ടാക്സ് കസ്റ്റംസ് അതോറിറ്റി തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിശോധന. 

ബിനാമി ബിസിനസെന്ന് സംശയിക്കുന്ന സ്ഥാപങ്ങളില്‍ അരിച്ചുപെറുക്കിയാണ് രേഖകളെല്ലാം പരിശോധിക്കുന്നതും ചോദ്യം ചെയ്യുന്നതും.രാജ്യത്തിന്റെ സാമ്പത്തീക അടിത്തറക്കു വെല്ലുവിളിയാകുന്ന ബിനാമി ബിസ്സിനസിനെ കുറിച്ചു അറിയാവുന്നവര്‍ വിവരങ്ങള്‍ കൈമാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴി വിവരങ്ങള്‍ കൈമാറാവുന്നതാണ്. 1900 എന്ന നമ്പറുവഴിയും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും വിവരങ്ങള്‍ അറിയിക്കാനാകും.