ജിദ്ദ: റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 'തിരു നബി (സ) നിത്യ വസന്തം' എന്ന തലക്കെട്ടില്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നടത്തി വരുന്ന 'വസന്തം -1443' ഓണ്‍ലൈന്‍ കാമ്പയിന്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളാല്‍ ശ്രദ്ധേയമാവുന്നു. എല്ലാ ദിവസവും രാത്രി 8.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പ്രവാസ ലോകത്തെയും നാട്ടിലെയും പ്രഗത്ഭരായ പണ്ഡിതര്‍ പങ്കെടുത്ത് പ്രവാചക ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി വരുന്നു. 

ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച വസന്തം കാമ്പയിന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിനെ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന ഇക്കാലത്ത് പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

പ്രവാചകനെപ്പറ്റി കൂടുതല്‍ പഠിക്കാനും പകര്‍ത്താനും പ്രസ്തുത കാമ്പയിന്‍ ഏറെ സഹായകരമാവുമെന്നും ഇത് മാതൃക പരമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ്  ഉബൈദുല്ല ഐദറൂസി തങ്ങള്‍ മേലാറ്റൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ദാരിമി ആലമ്പാടി പ്രമേയ പ്രഖ്യാപനം നടത്തി. നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി.

അബൂ ജിര്‍ഫാസ് അറക്കല്‍, മൊയ്ദീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, അസീസ് പറപ്പൂര്‍, മുഹമ്മദ് റഫീഖ് കൂളത്ത്, സല്‍മാന്‍ ദാരിമി, ജമാല്‍ മാസ്റ്റര്‍ പേരാമ്പ്ര തുടങ്ങിയവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു.  ഉസ്മാന്‍ എടത്തില്‍ സ്വാഗതവും ജാബിര്‍ നാദാപുരം നന്ദിയും പറഞ്ഞു.