റിയാദ്: ഹജജ്, ഉംറ തീര്‍ഥാടകരുടെ ബയോമെട്രിക് സ്വയം രജിസ്ട്രേഷന്റെ ആദ്യ ഘട്ടം മന്ത്രാലയം അഞ്ച് രാജ്യങ്ങളില്‍ നടപ്പാക്കുമെന്ന് കോണ്‍സുലര്‍ കാര്യങ്ങളുടെ വിദേശകാര്യ അംബാസഡര്‍ തമീം അല്‍ ദോസരി പറഞ്ഞു. സ്വയം രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ കുവൈത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ടുണീഷ്യ, മലേഷ്യ, ബ്രിട്ടണ്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

'ഉംറ വിസകള്‍ ഇലക്ട്രോണിക് ആയി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ എംബസികളേയൊ പോലീസ് സ്റ്റേഷനുകളേയൊ നേരിട്ട് സമീപിക്കാവുന്നതും അവരവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ നിശ്ചിത ആപ്പ് വഴി ബയോമെട്രിക്സ് രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്. തുടര്‍ന്ന് ഉംറ വിസയ്ക്ക് ഇലക്ട്രോണിക് ആയി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണമെന്ന് തമീം അല്‍ ദോസരി പറഞ്ഞു.

ബയോമെട്രിക്സില്‍ വിരലടയാളങ്ങളും കണ്ണുകളുടെയും മുഖത്തിന്റെയും ചിത്രങ്ങളും മറ്റ് സുപ്രധാന വിവരങ്ങളും ഉള്‍പ്പെടുത്തും. ഈ ആപ്പിലൂടെ ഉംറ വിസയ്ക്ക് പുറമേ എല്ലാത്തരം വിസകള്‍ക്കുമായുള്ള ബയോമെട്രിക്സ് സ്വയം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

ഹജജ്, ഉംറ തീര്‍ഥാടകരുടെ ബയോമെട്രിക് സ്മാര്‍ട്ട് ഫോണുകള്‍ വഴി സ്വയം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയുടെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഒക്ടോബര്‍ 6 ന് നിര്‍വ്വഹിച്ചിരുന്നു. വിസ നല്‍കുന്ന കേന്ദ്രങ്ങളെ സമീപിക്കാതെ തന്നെ അതത് രാജ്യങ്ങളില്‍ നിന്ന് ഹജജ്, ഉംറ വിസകള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിന് തങ്ങളുടെ ബയോമെട്രിക്സ് രജിസ്റ്റര്‍ തീര്‍ത്ഥാടകരെ പ്രാപ്തരാക്കും.

പുതിയ സംവിധാനം ആരംഭിച്ചതോടെ, ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിനായി സ്മാര്‍ട്ട് ഫോണുകള്‍ വഴി ബയോമെട്രിക്സ് രജിസ്റ്റര്‍ ചെയ്യുന്ന ലോകത്തെ ആദ്യ രാജ്യമായി സൗദി അറേബ്യ മാറി.