റിയാദ്: സൗദിയില്‍ പൊതു ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക് തുറക്കുന്നതിനായി സൗദി ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി പൊതു ഗതാഗത വാഹനങ്ങളുടെ മുഴുവന്‍ സീറ്റുകളും ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനുകള്‍, ഇന്റര്‍സിറ്റി ബസുകള്‍, ജിസാന്‍ ഫുര്‍സാന്‍ ദ്വീപുകള്‍ക്കിടയിലെ ബോട്ടുകളിലും യാത്രക്കാര്‍ക്ക് മുഴുവന്‍ സീറ്റ് ശേഷിയും ഉപയോഗിക്കാമെന്നും അതോറിറ്റി അറിയിച്ചു.

എന്നിരുന്നാലും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച രണ്ട് ഡോസ് പ്രതിരോധ വാക്സിനുകള്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ഇതിനായുള്ള അനുമതി. അതേസമയം വാക്സിനെടുക്കുന്നതില്‍ ഇളവുകള്‍ ഉള്ള വിഭാഗങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല.

യാത്രക്കാര്‍ നിര്‍ബന്ധമായും  കൊവിഡ് പ്രോട്ടോകോളുകളും, മറ്റു മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇതിനായി അംഗീകാരമുള്ള ഗതാഗത കമ്പനികള്‍ക്ക് മാത്രമായിരിക്കും അനുമതി ലഭിക്കുക.