റിയാദ്: താമസ കുടിയേറ്റ തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയന്ത്രണങ്ങളും ലംഘിച്ച 17,598 പേര്‍ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ പിടിയിലായി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. സെപ്തംബര്‍ 2 മുതല്‍ 9 വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ 6,594 താമസ കുടിയേറ്റ നിയമലംഘകരും ഏകദേശം 9,229 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും, 1775 ലേറെ തൊഴില്‍ നിയമ ലംഘകരും ഉള്‍പ്പെടും. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 202 പേരെ അറസ്റ്റ് ചെയ്തു. അവരില്‍ 48 ശതമാനം യെമന്‍ പൗരന്മാരും, 49 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. 21 പേര്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടാനുള്ള ശ്രമിച്ചതിനിടെ അറസ്റ്റിലായവരാണ്. നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ചെയ്ത 12 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

നിലവില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരായ മൊത്തം നിയമലംഘകര്‍ 83,118 പേരാണ്. ഇതില്‍ 71,456 പുരുഷന്‍മാരും 11,662 സ്ത്രീകളും ഉള്‍പ്പെടും. അതേസമയം 65,186 നിയമലംഘകരെ നാടുകടത്തുന്നതി് മുമ്പ് യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടുവരികയാണ്.

നിയമലംഘകരെ സഹായിക്കുന്നവര്‍ക്ക് പരമാവധി 15 വര്‍ഷം വരെ തടവ് നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 1 മില്ല്യണ്‍ റിയാല്‍ വരെ പിഴയും ഗതാഗത സൗകര്യമൊരുക്കിയ വാഹനം പിടിച്ചെടുക്കുകയും ചെയ്യും.  നിയമ ലംള്‍കരുടെ പേരുവിവരങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും.