റിയാദ്: കഴിഞ്ഞ ആറ് മാസത്തിനിടെ 51,730 വിദേശ തൊഴിലാളികള്‍ക്കും  29,175 സ്ഥാപനങ്ങള്‍ക്കും തൊഴില്‍ പരിഷ്‌കരണ സംരംഭത്തിന്റെ (എല്‍ആര്‍ഐ)ന്റെ പ്രയോജനം ലഭ്യമായതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ബാധകമായ തൊഴില്‍ പരിഷ്‌കരണ സംരംഭം ഈ വര്‍ഷം മാര്‍ച്ച് 14നാണ് പ്രാബല്യത്തില്‍ വന്നത്.

മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന തൊഴില്‍ കൈമാറ്റം, എക്സിറ്റ്/റീഎന്‍ട്രി, അബ്ഷീര്‍, ഖിവ പ്ളാറ്റ്ഫോം തുടങ്ങി നിരവധി സേവനങ്ങള്‍ തൊഴില്‍ പരിഷ്‌കരണ സംരംഭത്തില്‍ ഉള്‍പ്പെടുന്നു. മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങള്‍ക്ക് അനുസൃതമായി തൊഴില്‍ വിപണിയുടെ വഴക്കവും ഫലപ്രാപ്തിയും മത്സരശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണ് തൊഴില്‍ പരിഷ്‌കരണ സംരംഭം.

ഇലക്ട്രോണിക് കരാര്‍ ഡോക്യുമെന്‍േറഷന്‍ പ്രോഗ്രാം ആരംഭിച്ചതിനുശേഷം ഏകദേശം 1,52,810 സ്ഥാപനങ്ങള്‍ക്കായി 36,10,880 ഇലക്ട്രോണിക് കരാറുകള്‍ മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തൊഴില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും കുറയ്ക്കുന്നതിനൊപ്പം സ്ഥാപനങ്ങളുടെയും അവരുടെ ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സംഭാവന നല്‍കി.

സൗദി വിഷന്‍ 2030 ഉം അതിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട നിരവധി നേട്ടങ്ങള്‍ 2021 ആദ്യ പകുതിയില്‍തന്നെ കൈവരിക്കാന്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കുമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.