ജിദ്ദ: സുരക്ഷിതവും ആരോഗ്യകരവുമായി ഈ വര്‍ഷത്തെ ഹജജ് സീസണ്‍ നടത്തുവാനും തീര്‍ത്ഥാടകരെ സേവിക്കുന്നതിനുമായുള്ള സാങ്കേതിക സംവിധാനം പൂര്‍ത്തിയാക്കിയതായിയതായി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്ന സാങ്കേതിക പദ്ധതിയായ ഹജജ് സ്മാര്‍ട്ട് കാര്‍ഡ് നടപ്പിലാക്കുന്നത് നേട്ടമുണ്ടാകുമെന്ന് ഹജജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്ത മഷാത്ത് വിശദീകരിച്ചു.

വ്യക്തിഗത, മെഡിക്കല്‍, റെസിഡന്‍ഷ്യല്‍ വിവരങ്ങള്‍ അടങ്ങിയതാണ് സ്മാര്‍ട്ട് കാര്‍ഡ്. എന്‍എഫ്സി സാങ്കേതികവിദ്യ വഴി കാര്‍ഡുമായി നേരിട്ട് ലിങ്കുചെയ്തിരിക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങളിലെ ആപ്ളിക്കേഷന്‍ വഴി ഈ വിവരങ്ങള്‍ വായിച്ചെടുക്കാനാകുമെന്നും മഷാത്ത് വെളിപ്പെടുത്തി.

നഷ്ടപ്പെട്ട തീര്‍ഥാടകരെ കണ്ടെത്തുന്നതിനും വിവിധ ക്യാമ്പുകളിലേക്കും സൗകര്യങ്ങളിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനും ക്രമരഹിതമായ തീര്‍ത്ഥാടനങ്ങള്‍ നിയന്ത്രിക്കുന്നതിനും കാര്‍ഡ് സഹായകരമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തീര്‍ഥാടകര്‍ക്ക് അധിക ഇടങ്ങള്‍ നല്‍കുക, യാത്രാ റൂട്ടുകള്‍ സംഘടിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി 'സ്മാര്‍ട്ട് ഹജജ് പ്ളാറ്റ്ഫോം' പ്രോജക്റ്റ്, 'സര്‍വീസസ് മോണിറ്ററിംഗ്' സംരംഭം എന്നിവയുള്‍പ്പെടെയുള്ള ഗുണപരമായ സേവനങ്ങളുടെ പാക്കേജും മന്ത്രാലയം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ 'തഫ്വീജ്'' ഇലക്ട്രോണിക് സംവിധാനത്തിലൂടെ തിക്കും തിരക്കും നിയന്ത്രിക്കുവാനുള്ള സംവിധാനവും മന്ത്രാലയത്തിന്റെ പദ്ധതിയില്‍ ഉണ്ട്.