റിയാദ്: കോവിഡ് പ്രോട്ടോകോളും മാനദണ്ഡങ്ങളും ലംഘിച്ചതിന് ഡസന്‍ കണക്കിന് ആളുകളെ സൗദിയിലെ അസിര്‍ മേഖലയില്‍ അറസ്റ്റ് ചെയ്തതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ പോലീസ് വക്താവ് ലഫ്റ്റനന്റ് കേണല്‍ സൈദ് അല്‍-ദബ്ബാഷിനെ ഉദ്ധരിച്ചാണ് എസ്.പി.എ റിപ്പോര്‍ട്ട്.

കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ചവരും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചവരുമായ 28 പേരെ ക്റ്റഡിയിലെടുത്തതായി പോലീസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. അടുത്തിടെ വിദേശത്ത് നിന്ന് വന്നവരും ക്വാറന്‍ന്റെന്‍ നിയമം ലംഘിച്ചവരുമാണ് പ്രതികള്‍. ഇവര്‍ക്കെതിരെ എല്ലാ പ്രാഥമിക നടപടികളും സ്വീകരിച്ചശേഷം ശിക്ഷാനടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കേസ് കൈമാറിയിരിക്കുകയാണ്

കൊവിഡ് -19 പ്രതിരോധ പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്ക് സൗദി അറേബ്യയില്‍ 2,00000 റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ എന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴശിക്ഷ ഇരട്ടിക്കും.

നിയമലംഘകന്‍ പ്രവാസി ആണെങ്കില്‍, ചുമത്തിയ പിഴ ഈടാക്കിയ ശേഷം സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തുകയും സൗദിയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.