റിയാദ്: കോവിഡ് വാക്സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കി 14 ദിവസം പിന്നിട്ട എല്ലാ താമസക്കാരും സന്ദര്‍ശകരുമായ യാത്രക്കാര്‍, സൗദിയിലെത്തുമ്പോള്‍ സ്വയം ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ലെന്ന് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.

എട്ട് വയസ്സിനു മുകളിലുള്ള എല്ലാവരും മെയ് 20 മുതല്‍ സൗദിയിലേക്ക് എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ട്. തിങ്കളാഴ്ച സൗദി അറേബ്യ അന്താരാഷ്ട്ട്ര യാത്ര പുനരാരംഭിച്ചതോടെയാണ് വിശദീകരണം. അതേസമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡ് രൂക്ഷമായ 20 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയില്‍ നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പ്രകാരം വാക്സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാത്ത സൗദികളല്ലാത്തവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണം. വാക്സിന്‍ രണ്ട് ഡോസെടുത്തവരും വൈറസ് ബാധ ഏല്‍ക്കാത്തവരും 18 വയസ്സിന് താഴെയുള്ളവരെയും മാത്രമേ യാത്ര ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ അനുവദിക്കുകയുള്ളൂ.

കൂടാതെ, സൗദിക്കു പുറത്തുനിന്നും കൊറോണ വൈറസ് അണുബാധയുണ്ടായാല്‍ ഇന്‍ഷൂറന്‍സ് കവറേജ് ലഭ്യമാകുന്ന സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച ഇന്‍ഷുറന്‍സ് പോളിസി 18 വയസ്സിന് താഴെയുള്ള യാത്രക്കാര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.