റിയാദ്: 75 വയസിന് മുകളിലുള്ള സൗദികള്‍ക്കും പ്രവാസികള്‍ക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെതന്നെ നേരിട്ട് കോവിഡ് വാക്സിനുകള്‍ ലഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം സൗദിയുടെ എല്ലാ പ്രദേശങ്ങളിലെയും 587 വാക്സിന്‍ സെന്ററുകളിലൂടെ വിതരണം ചെയ്ത കോവിഡ് വാക്സിന്‍ ഡോസുകളുടെ എണ്ണം 60,00000 ഡോസിലേക്ക് അടുക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.

സമൂഹത്തിലെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൈഹതി ആപ്ളിക്കേഷന്‍ വഴി വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

പകര്‍ച്ചവ്യാധി പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാണിച്ചു. കൊറോണ വൈറസ് അണുബാധ വര്‍ദ്ധിക്കുന്നതായി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കാത്തതാണ് പുതിയ കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും മന്ത്രാലയം പറഞ്ഞു.