ജിദ്ദ: ഈ വര്‍ഷം റമദാന്‍ മാസത്തില്‍ ഉംറ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ അനുമതിക്കായി കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ് നടത്തേണ്ടത് നിര്‍ബന്ധമല്ലെന്ന് ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് ട്വിറ്റര്‍ അക്കൗണ്ടിലുടെ മറുപടി നല്‍കുന്നതിനിടെ, റമദാന്‍ മാസത്തില്‍ ഉംറയ്ക്ക് അനുമതി ലഭിക്കാന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമില്ലെന്ന് മന്ത്രാലയത്തിന്റെ ഉപഭോക്തൃ സേവന കേന്ദ്രം അറിയിച്ചു.

എന്നിരുന്നാലും, ഹജജ്, ഉംറയുമായി ബന്ധപ്പെട്ട സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരും ഏപ്രില്‍ 12 ന് റമദാന്‍ ആരംഭിക്കുന്നതിനു മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് സ്വന്തം ചെലവില്‍ എടുത്തിരിക്കണമെന്ന് കഴിഞ്ഞ ആഴ്ച മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

അതേസമയം, സാമൂഹിക അകലം ഉറപ്പുവരുത്തുവാന്‍ റമദാന്‍ മാസത്തില്‍ പരിശോധനാ പര്യടനം ശക്തമാക്കുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു.

11 പേരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള ആറ് പ്രദേശങ്ങളിലായി 11 പള്ളികള്‍ അധികൃതര്‍ അടച്ചുപൂട്ടി.