ജിദ്ദ: കോവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി സേവനം നിര്‍ത്തിവെച്ച ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ (എച്ച്എച്ച്ആര്‍) ഒരുവര്‍ഷത്തിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു.

പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി 2020 മാര്‍ച്ച് 21 നാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

സൗദി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള സ്റ്റേഷനില്‍ ട്രെയിന്‍ ഫ്ളാഗ് ചെയ്തു. മദീന ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ മദീനയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് സാക്ഷ്യംവഹിച്ചു.

കോവിഡ് -19 വ്യാപനം പരിമിതപ്പെടുത്തുന്നതിനും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിനും മേഖലയിലെ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിജ്ഞാബദ്ധതയുടെ പ്രാധാന്യം പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ ഊന്നിപ്പറഞ്ഞു. കൊറാണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും പ്രവര്‍ത്തനത്തോട് എല്ലാവരും സഹകരിക്കേണ്ടതിന്റ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സൗദി പൗരന്മാരുടെയും താമസക്കാരുടെയും തീര്‍ത്ഥാടകരുടെയും പുണ്യസ്ഥത്തെ സന്ദര്‍ശകരായ എല്ലാവരുടേയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു.

അതേസമയം, റമദാന്‍ മാസത്തിന് മുമ്പായി ഹറമൈന്‍ ട്രെയിന്‍ സേവനം പുനരാരംഭിച്ചതു പോലെ തിരക്കേറിയ റമദാന്‍ സീസണില്‍ സേവനങ്ങള്‍ നല്‍കുന്നതിന് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (പിടിഎ) ചെയര്‍മാന്‍ റുമൈഹ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹ് പറഞ്ഞു.

നടപ്പ് വര്‍ഷത്തേക്കുള്ള ഹജജ് സീസണിലേക്കുള്ള ട്രെയിനിന്റെ പൂര്‍ണ്ണ സന്നദ്ധതയെ ഡോ. അല്‍-റുമൈഹ് പ്രശംസിച്ചു. കൊറോണ വൈറസിന്റെ വ്യാപനം ബാധിക്കാത്ത രീതിയില്‍ പൂര്‍ണ്ണമായും ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ട്രെയിന്‍ സേവനം നടപ്പാക്കുക എന്നും റുമൈഹ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹ് പറഞ്ഞു.