റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂത്തി മലീഷ്യകള്‍ സൗദി അറേബ്യയിലേക്ക് വിക്ഷേപിച്ച സ്ഫോടകവസ്തു നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന ശനിയാഴ്ച രാവിലെ തടയുകയും നശിപ്പിക്കുകയും ചെയ്തു. അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയായിരുന്നു ഡ്രോണ്‍ ആക്രമണം. ശനിയാഴ്ച രാവിലെ സംയുക്ത സഖ്യസേന ഡോണ്‍ തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായി ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളായ ഹൂത്തി വിമതർ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ഭീകരാക്രമണത്തെ ഫ്രാന്‍സും ജര്‍മ്മനിയും യു.കെയും വെള്ളിയാഴ്ച അപലപിച്ചിരുന്നു. സുരക്ഷ, സ്ഥിരത, പ്രാദേശിക സമഗ്രത എന്നിവ നിലനിര്‍ത്താന്‍ സൗദി അറേബ്യ കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ നല്‍കുന്നതായി മൂന്ന് രാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു.

അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള യമന്‍ ആസ്ഥാനമായുള്ള ഹൂത്തി വിമതരുടെ ആക്രമണത്തെ ജപ്പാന്‍ സര്‍ക്കാരും അപലപിച്ചു. യമനില്‍ സമാധാനവും സുസ്ഥിരതയും സാക്ഷാത്കരിക്കുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങളുമായി സഹകരിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്താന്‍ ജപ്പാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ് സെക്രട്ടറി യോഷിദ ടോമോയുകി പ്രസ്താവനയില്‍ പറഞ്ഞു.